ഫാർമസിസ്റ്റ് നിയമനം നടത്തുന്നില്ല; റാങ്ക് ലിസ്റ്റിലുള്ളവരുടെ കാത്തിരിപ്പ് നീളുന്നു
text_fieldsആലുവ: പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലടക്കം ഫാർമസിസ്റ്റ് തസ്തികയിൽ നിയമനങ്ങൾ നടക്കാതായതോടെ പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവരുടെ കാത്തിരിപ്പ് നീളുന്നു. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഓരു വർഷം തികയാറായിട്ടും ജില്ലയിൽ ഒരാളെ പോലും നിയമിച്ചിട്ടില്ലെന്നാണ് റാങ്ക് റാങ്ക് ലിസ്റ്റിലുള്ളവർ ആരോപിക്കുന്നത്.
സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് ഫാർമസിസ്റ്റുകൾ ഇല്ലാതിരിക്കെയാണ് നിയമനം നടത്താതെ സർക്കാർ ഒഴിഞ്ഞുമാറുന്നത്. നിയമാനുസൃതം നടപ്പിലാക്കേണ്ട പുതിയ തസ്തികകളും കടലാസിൽ ഉറങ്ങുകയാണ്. ആയിരക്കണക്കിന് ഉദ്യോഗാർഥികളാണ് നിയമനം കാത്തിരിക്കുന്നത്. റാങ്ക് ലിസ്റ്റിന് മൊത്തം മൂന്നുവർഷമാണ് കാലാവധി.
അവശേഷിക്കുന്ന കാലയളവിൽ നിയമനങ്ങൾ ഇത്തരത്തിൽ ഇഴഞ്ഞുനീങ്ങിയാൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഭൂരിഭാഗം പേർക്കും ജോലി ലഭിക്കാതെ പോകും. ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പർ 529/ 2019) തസ്തികയിലേക്കാണ് പരീക്ഷ നടത്തിയത്. 2021 ഡിസംബർ 28 നാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. 2100 ഓളം ഉദ്യോഗാർഥികളാണ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടത്.
എറണാകുളം ജില്ലയിൽ മെയിൻ ലിസ്റ്റിൽ മാത്രം 112 പേർ ഉൾപ്പെട്ടിട്ടുണ്ട്. സപ്ലിമെൻററി ലിസ്റ്റിൽ നൂറിലധികം പേരുണ്ട്. ജില്ല, താലൂക്ക് ആശുപത്രികൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയവയിലാണ് ഇവരെ നിയമിക്കേണ്ടത്. സംസ്ഥാനത്തൊട്ടാകെ വളരെ കുറച്ചാളുകൾക്കാണ് ഇത്തരം ആരോഗ്യ കേന്ദ്രങ്ങളിൽ ഇതുവരെ നിയമനം ലഭിച്ചിട്ടുള്ളത്.
റാങ്ക് ലിസ്റ്റിൽ അർഹരായ ഉദ്യോഗാർഥികളുള്ളപ്പോഴും പല കേന്ദ്രങ്ങളിലും താൽക്കാലികാടിസ്ഥാനത്തിൽ ഫാർമസിസ്റ്റുകളെ നിയമിക്കുന്നതായി ആക്ഷേപമുണ്ട്. ആർദ്രം പദ്ധതി പ്രകാരം നിരവധി പി.എച്ച്.സികൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റിയിരുന്നു. എന്നാൽ, വളരെ കുറച്ച് ഫാർമസിസ്റ്റ് തസ്തികകൾ മാത്രമാണ് ഇവിടങ്ങളിൽ അനുവദിച്ചത്. ഇത്തരം ആശുപത്രികളുടെ പ്രവർത്തന സമയം രാവിലെ മുതൽ വൈകുന്നേരം വരെയാണ്. ഇവിടെയുള്ള ഏക ഫാർമസിസ്റ്റ് അവധിയെടുക്കുമ്പോൾ മരുന്ന് വിതരണം നടത്താൻ കഴിയാത്ത അവസ്ഥയാണ്. ആർദ്രം പദ്ധതി പ്രകാരം ഒരു കുടുംബാരോഗ്യ കേന്ദ്രത്തിൽ ചുരുങ്ങിയത് രണ്ട് ഫാർമസിസ്റ്റുകൾ വേണം. എന്നാൽ, ഇത്തരം ആരോഗ്യ കേന്ദ്രങ്ങളിൽ പലയിടത്തും പി.എസ്.സി വഴിയുള്ള ഒരു ഫാർമസിസ്റ്റ് മാത്രമാണുള്ളത്.
ആർദ്രം പദ്ധതിയുടെ രണ്ടാമത്തെ ഘട്ടത്തിൽ വീണ്ടും പി.എച്ച്.സികൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയിരുന്നു. ഈ സ്ഥാപനങ്ങളിലേക്ക് നൂറുകണക്കിന് ഡോക്ടർമാരെയും നഴ്സുമാരെയും ലാബ് ടെക്‌നീഷ്യന്മാരെയും നിയമിക്കുകയും ചെയ്തു. ഫാർമസിസ്റ്റുകളെ മാത്രം നിയമിച്ചില്ല. പ്രതിദിനം ആയിരത്തോളം രോഗികൾ ആശ്രയിക്കുന്ന ബ്ലോക്ക് തല സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിൽ പലതിലും ഫാർമസിസ്റ്റിന്റെ തസ്തിക മാത്രമാണുള്ളത്.
താലൂക്ക് ആശുപത്രികളടക്കമുള്ള 24 മണിക്കൂറും പ്രവർത്തിക്കുന്ന ആശുപത്രികളിൽ ഫാർമസിസ്റ്റുകളുടെ കുറവുമൂലം പലപ്പോഴും രാത്രി മരുന്ന് വിതരണം നടക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. ആശുപത്രിയിൽ വരുന്ന മരുന്നുകൾ തരം തിരിച്ച് സൂക്ഷിക്കാനും രോഗികൾക്ക് നൽകാനും അധികാരമുള്ളത് ഫാർമസിസ്റ്റുകൾക്ക് മാത്രമാണ്. എന്നാൽ, ആവശ്യത്തിന് ഫാർമസിസ്റ്റുകൾ ഇല്ലാത്തതിനാൽ ഇത്തരം കാര്യങ്ങളിൽ നിയമ വിരുദ്ധമായി മറ്റു ജീവനക്കാരെ ഉപയോഗിക്കുന്നതായും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.