നിർമാണത്തിൽ അപാകത: വരാപ്പുഴയിലെ പാലം നിർമാണം നിർത്തിവെച്ചു
text_fieldsദേശീയപാത വികസനത്തിന്റെ ഭാഗമായി വരാപ്പുഴ പാലത്തിന്റെ സമാന്തരമായി നിർമിക്കുന്ന പാലംപണി നിർത്തിവെച്ചനിലയിൽ
വരാപ്പുഴ: ദേശീയപാത 66ൽ വരാപ്പുഴയിൽ പുതിയപാലം നിർമിക്കുന്നതിൽ അപാകത കണ്ടെത്തിയതിനെ തുടർന്ന് നിർമാണ ജോലി താൽക്കാലികമായി നിർത്തിവെച്ചു.
പാലത്തിന്റെ രണ്ടാമത്തെ കാലുകൾക്കായി സ്ഥാപിച്ച നാല് പൈലുകളിൽ ഒരെണ്ണം താഴേക്കിരുന്നുപോയിരുന്നു. സംഭവിച്ച അപാകത പരിഹരിക്കാതെ താഴേക്കിരുന്ന പൈലിന് മുകളിൽ പൈൽ ക്യാപ് നിർമിക്കാനുള്ള കരാർ കമ്പനിയിലെ തൊഴിലാളികളുടെ ശ്രമം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. വിവരം അറിഞ്ഞെത്തിയ സി.പി.എം കളമശ്ശേരി ഏരിയ കമ്മിറ്റി അംഗം വി.പി. ഡെന്നി, വരാപ്പുഴ ലോക്കൽ കമ്മിറ്റി അംഗം ടി.എസ്. ശ്യാംലാൽ, പഞ്ചായത്ത് അംഗങ്ങളായ എൻ.എസ്. സ്വരൂപ്, ജിനി ജോജൻ എന്നിവർ കരാർ കമ്പിനി അധികൃതരുമായി ചർച്ചനടത്തി. പൈലിന് സംഭവിച്ച അപാകത പരിഹരിക്കാതെ നിർമാണം തുടരാനാകില്ലെന്ന നേതാക്കളുടെ നിർദേശം കമ്പനി അധികൃതർ അംഗീകരിച്ചു. പ്രശ്നം പരിഹരിച്ചശേഷം മാത്രമേ ഇവിടെ തുടർ നിർമാണ പ്രവർത്തനങ്ങൾ നടത്തുകയുള്ളൂ എന്ന് കമ്പനി അധികൃതർ ഉറപ്പുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

