ലഹരി വിമോചന കേന്ദ്രങ്ങൾ ആരംഭിക്കാനുള്ള നീക്കവും ഇഴയുന്നു
text_fieldsകൊച്ചി: വിമുക്തി തൃപ്പൂണിത്തുറയിലും ഗവ.മെഡിക്കൽ കോളജിലും ലഹരിവിമോചന കേന്ദ്രങ്ങൾ ആരംഭിക്കാനുള്ള നീക്കവും ഇഴയുന്നു. മെഡിക്കൽ കോളജിലെ ലഹരി വിമോചന കേന്ദ്രം ആരംഭിക്കാനുള്ള നീക്കത്തിന് ഒമ്പതു വർഷവും തൃപ്പൂണിത്തുറയിൽ ആരംഭിക്കാനുള്ള നീക്കത്തിന് മൂന്ന് വർഷവും പഴക്കമുണ്ട്.
എന്നാൽ, ഇതുവരെയും കാര്യങ്ങൾ അന്തിമ ഘട്ടത്തിലേക്കെത്തിയിട്ടില്ല. ഇതിനിടെയാണ് ജില്ലയിലെ ഏക കേന്ദ്രമായിരുന്ന മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ വിമുക്തി ഡി അഡിക്ഷൻ സെന്റർ കഴിഞ്ഞ ആറു മാസമായി പ്രവർത്തനം നിലച്ചത്.
സംസ്ഥാനതലത്തിൽ വിമുക്തി ലഹരി വർജന മിഷൻ ആരംഭിക്കുന്നതിന് മുമ്പ് കഴിഞ്ഞ യു.ഡി.എഫ് സർക്കാറിന്റെ കാലത്താണ് കളമശ്ശേരി മെഡിക്കൽ കോളജിൽ ലഹരി വിമോചന കേന്ദ്രം ആരംഭിക്കുന്നതിനായി എക്സൈസ് വകുപ്പ് 35 ലക്ഷം രൂപ അനുവദിച്ചത്. എന്നാൽ, ഫണ്ട് അനുവദിച്ചതല്ലാതെ പിന്നീട് ഒരു നീക്കവുമുണ്ടായില്ല. ഇതിനുശേഷം സഹകരണ മേഖലയിലായിരുന്ന മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുത്തതടക്കമുള്ള കാര്യങ്ങൾ ഇതിനെ ബാധിച്ചു. പിന്നീട് രണ്ടു വർഷം മുമ്പാണ് ഈ ഫയലിന് വീണ്ടും ജീവൻവെച്ചത്.
ഐ.സി.യു സൗകര്യത്തോടെയുള്ള 15 കിടക്കടക്കമുള്ള ഹോസ്പിറ്റൽ മെഡിക്കൽ കോളജിലെ സൈക്യാട്രി വിഭാഗവുമായി ചേർന്ന് പ്രവർത്തിപ്പിക്കാനായിരുന്നു നീക്കം. എന്നാൽ, ഈ നീക്കങ്ങളിപ്പോഴും ഇഴഞ്ഞാണ് നീങ്ങുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള ലഹരിവിമോചന കേന്ദ്രമായിരുന്നു തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയോടനുബന്ധിച്ച് വിഭാവനം ചെയ്തത്.
കോവിഡ് വേളയിൽ മൂവാറ്റുപുഴയിലെ കേന്ദ്രം പ്രവർത്തനം നിലച്ചതോടെ ഈ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്ക് ജീവൻവെച്ചു. പ്രവർത്തനങ്ങൾക്കായി എക്സൈസ് വകുപ്പ് എട്ട് ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. എന്നാൽ, കെട്ടിടം വിട്ടുനൽകുന്നതിനുള്ള നടപടി ക്രമങ്ങൾ ഇഴഞ്ഞതോടെ ഇതെങ്ങുമെത്തിയില്ല.
ഇതിനിടെ 2021 ഡിസംബറിൽ മൂവാറ്റുപുഴ സെന്റർ പ്രവർത്തനം പുനരാരംഭിച്ചതോടെ വീണ്ടും തൃപ്പൂണിത്തുറയിലെ പ്രവർത്തനം മന്ദഗതിയിലായി. വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മയും ആരോഗ്യവകുപ്പിന്റെ നിസ്സംഗതയുമാണ് ഇതിൽ പ്രധാന വില്ലനായതെന്നാണ് ആക്ഷേപം. സെന്ററില്ലാതായതോടെ ജില്ലയിൽനിന്നുള്ള രോഗികളെ ചാലക്കുടി, കോട്ടയം, ഇടുക്കി കേന്ദ്രങ്ങളിലേക്കാണ് റഫർ ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

