ഡി.സി.ആർ.ബി ഉദ്യോഗസ്ഥരുടെ ഇടപെടൽ; 21 കുട്ടികളെ സുരക്ഷിതമാക്കി
text_fieldsആലുവ: ഡി.സി.ആർ.ബിയിലെ പൊലീസ് ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടലിലൂടെ 21 കുട്ടികളെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചു. റൂറൽ ജില്ലയിലെ സി.പി.ഒമാരായ ടി.എസ്. സുബീഷ് (പുത്തൻവേലിക്കര), കെ.എം. മജീഷ് (കൂത്താട്ടുകുളം), പി.എസ്. സുജിത് ലാൽ (മുനമ്പം) എന്നിവർ കേസ് അന്വേഷണത്തിന്‍റെ ഭാഗമായി ഒഡിഷയിൽ പോയി വരികയായിരുന്നു. വിവേക് എക്സ്പ്രസിൽ ഭുവനേശ്വറിൽനിന്നാണ് യാത്ര തുടങ്ങിയത്. ഇവരുടെ സീറ്റിന് സമീപത്തായി 10-14 വയസ്സുള്ള കുട്ടികൾ ഇരിക്കുന്നത് ശ്രദ്ധയിൽപെട്ടു. ട്രെയിനിൽ കൊണ്ടുവരുന്ന ഭക്ഷണങ്ങൾ അവർതന്നെ പണം കൊടുത്ത് വാങ്ങി കഴിക്കുന്നുണ്ടായിരുന്നു.
ഇതേതുടർന്ന് അവരോട് ചോദിച്ചപ്പോൾ ട്രെയിനിൽ പല ബോഗികളിലായി ഇനിയും കുട്ടികൾ ഉണ്ടെന്നും പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുമെന്നും കുട്ടികളെ കൂടാതെ രണ്ടുപേർ കൂടി ഉണ്ടെന്നും പറഞ്ഞു. ബിഹാറിൽനിന്നാണ് വന്നതെന്നും സ്കൂളിൽ പോകാറില്ലെന്നും പറഞ്ഞതിനെ തുടർന്ന് സംശയം തോന്നി. കുട്ടികളുടെയും അവരുടെ കൂടെ വന്നവരുടെയും ഫോട്ടോയെടുത്ത് എറണാകുളം റൂറൽ ജില്ലയിലെ എസ്.എസ്.ബിയിലെ സബ് ഇൻസ്പെക്ടർ ഷാനിന് അയച്ചുകൊടുത്തു. ഷാൻ പാലക്കാട് എസ്.എസ്.ബിയുമായി ബന്ധപ്പെട്ടതിനെ തുടർന്ന് 11ന് ട്രെയിൻ പാലക്കാട് എത്തിയപ്പോൾ കുട്ടികളുമായി വന്നവരുടെ കൈയിലെ രേഖകൾ പരിശോധിച്ചു. രേഖകൾ വ്യക്തമല്ലാത്തതിനാലും മൊഴികളിൽ അവ്യക്തതയുള്ളതിനാലും പാലക്കാട് പൊലീസ് നടപടി സ്വീകരിച്ച് കുട്ടികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

