സുപ്രി പാടി; ദാസേട്ടന്റെ 60 ഗാനങ്ങൾ അഞ്ച് മണിക്കൂറിൽ
text_fieldsപള്ളുരുത്തി: യേശുദാസിന്റെ അറുപത് സിനിമ ഗാനങ്ങൾ അഞ്ചു മണിക്കൂറിൽ പാടി പള്ളുരുത്തിയുടെ താരമായി മാറിയിരിക്കുകയാണ് 67കാരനായ സുപ്രി അറക്കൽ എന്ന ഗായകൻ. യേശുദാസ് സംഗീത രംഗത്ത് എത്തിയിട്ട് അറുപതു വർഷങ്ങൾ തികയുന്ന ഘട്ടത്തിലാണ് യേശുദാസിന്റെ ആരാധകൻ കൂടിയായ സുപ്രി അറക്കൽ തുടർച്ചയായി അഞ്ചു മണിക്കൂറിൽ അറുപത് ഗാനങ്ങൾ പാടിയത്. ഗന്ധർവഗാന സ്മൃതി എന്നുപേരിട്ട പരിപാടി സംഗീത ആസ്വാദകർക്കും ഏറെ ഹൃദ്യമായി. ഇളവന്നൂർ മഠത്തിലെ ഇണക്കുയിലെ എന്ന ഗാനത്തോടെയായിരുന്നു തുടക്കം. പിന്നെ കസ്തൂരി മണക്കുന്നല്ലോ കാറ്റേ, ഇന്നുമെന്റെ കണ്ണുനീരിൽ, മെല്ലെ മെല്ലെ മുഖപടം തുടങ്ങി സൂപ്പർ ഹിറ്റായ പഴയതും പുതിയതുമായ 60 ഗാനങ്ങൾ നിറഞ്ഞ സദസ്സിനെ പിടിച്ചിരുത്തുകയായിരുന്നു.
യേശുദാസിനോടുള്ള ആരാധനയാണ് ഈ ഗാനവിരുന്നിന് പ്രചോദനമായതെന്ന് സുപ്രി പറഞ്ഞു. സംഗീത സംവിധായകനായ വിദ്യാധരൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. എ.ആർ. ശിവജി അധ്യക്ഷത വഹിച്ചു. കൗൺസിലർ അഭിലാഷ് തോപ്പിൽ, പീറ്റർ ജോസ്, ലെനിൻ, രമേഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. 18 കലാകാരന്മാരെ വേദിയിൽ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.