പാതയിൽ പതിയിരിക്കുന്ന അപകടം; വേണം ജാഗ്രത
text_fieldsകൊച്ചി: മഴക്കാലം ശക്തമായതോടെ റോഡുകളിൽ അപകടങ്ങൾ വർധിക്കുന്നത് ഡ്രൈവിങ്ങിൽ കൂടുതൽ ജാഗ്രത വേണമെന്ന മുന്നറിയിപ്പാകുന്നു. സമീപദിവസങ്ങളിൽ മഴയും കാറ്റും മൂലം വഴികളിൽ ആളുകളുടെ ജീവൻ നഷ്ടമാകുന്ന സാഹചര്യം വരെ ജില്ലയിലുണ്ടായി. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ശക്തമായ കാറ്റിലും മഴയിലും റോഡിലേക്ക് മറിഞ്ഞുവീണ വൈദ്യുതി പോസ്റ്റിൽ ബൈക്ക് ഇടിച്ച് പള്ളി ഇമാമിന് ദാരുണാന്ത്യമുണ്ടായത്.
ക്ഷേത്രപൂജാരിക്കും ഇതേസ്ഥലത്ത് അപകടമുണ്ടായി. രണ്ടാഴ്ച മുമ്പ് സ്ഥാപിച്ച ലൈനില്ലാത്ത വൈദ്യുതി പോസ്റ്റാണ് കനത്തമഴയിൽ റോഡിലേക്ക് വീണത്. കാഞ്ഞിരമറ്റത്ത് കുടുംബം സഞ്ചരിച്ച കാറിന് മുകളിൽ മരം വീണു. യാത്രക്കാർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
പല സ്ഥലത്തും വൈദ്യുതി പോസ്റ്റിലൂടെ വലിച്ചിരിക്കുന്ന കേബിളുകൾ പൊട്ടിവീഴുന്നത് വാഹനങ്ങൾക്ക് അപകട ഭീഷണിയാകുന്നുണ്ട്. ദേശീയപാത അങ്കമാലി ചെറിയവാപ്പാലശ്ശേരിയിൽ ഞായറാഴ്ച വൈകീട്ടുണ്ടായ ശക്തമായ കാറ്റിൽ വൻ വാകമരം റോഡിൽ വീണിരുന്നു. ഈസമയം റോഡിൽ വാഹനങ്ങളോ യാത്രക്കാരോ ഇല്ലാതിരുന്നതാണ് വൻദുരന്തം ഒഴിവാക്കിയത്.
പാർക്ക് ചെയ്യുമ്പോഴും ശ്രദ്ധവേണമെന്ന സന്ദേശമാണ് മറ്റ് ചില അപകടങ്ങളിലൂടെ ലഭിക്കുന്നത്. എറണാകുളം-കടവന്ത്ര മാവേലി റോഡിൽ മരം വീണ് കാറും ഓട്ടോറിക്ഷയും തകർന്നിരുന്നു. അങ്കമാലി കുളവൻകുന്നിൽ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിന് മുകളിൽ മരങ്ങൾ വീണും നാശമുണ്ടായി. അപ്പോളോ ജങ്ഷന് സമീപത്തെ മേൽപാലത്തിൽ കാർ തലകീഴായി മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. തുടർച്ചയായി പെയ്ത കനത്ത മഴയിൽ പലയിടത്തും വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ടെന്നതിനാൽ വാഹനയാത്രികർ കൂടുതൽ ശ്രദ്ധ പുലർത്തണം.
മഴയിൽ പ്രതീക്ഷിക്കാവുന്ന ആഘാതങ്ങൾ
- റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവക്ക് സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാം
- താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവക്ക് സാധ്യത
- മരങ്ങൾ കടപുഴകാനുള്ള സാധ്യത
- മലയോരമേഖലകളിലും മറ്റും ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- ഗതാഗതം കാര്യക്ഷമമായി നിയന്ത്രിക്കുക
- മഴക്കാലത്ത് വാഹനങ്ങൾ മലഞ്ചെരുവിലോ മരങ്ങളുടെ കീഴിലോ ഹൈടെൻഷൻ ലൈനുകളുടെ താഴയോ പാർക്ക് ചെയ്യരുത്
- ശക്തമായ മഴയും കാറ്റുമുള്ളപ്പോൾ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരണം
- വെള്ളം കവിഞ്ഞൊഴുകുന്ന പാലങ്ങളിലൂടെയും റോഡിലൂടെയും ഡ്രൈവ് ചെയ്യരുത്
- ശക്തമായ മഴയുള്ളപ്പോള്‍ മരങ്ങളോ വൈദ്യുതി ലൈനുകളോ ഇല്ലാത്ത റോഡ് അരികില്‍ ഹസാര്‍ഡസ് വാണിങ് ലൈറ്റ് ഓണ്‍ചെയ്ത് വാഹനം പാര്‍ക്ക് ചെയ്യുക
- വാഹനത്തിന്റെ ടയര്‍, ഇലക്ട്രിക്കലും മെക്കാനിക്കലുമായ ഭാഗങ്ങളുടെ ക്ഷമത ഉറപ്പുവരുത്തുക
- മഴക്കാലത്ത് സഡന്‍ ബ്രേക്കിങ് ഒഴിവാക്കുന്ന രീതിയില്‍ വാഹനം ഓടിക്കുന്നത് വാഹനം തെന്നിമാറുന്നത് ഒഴിവാക്കിയേക്കും
- വെള്ളക്കെട്ടിലൂടെ വാഹനം ഓടിക്കേണ്ടി വന്നാല്‍ ഫസ്റ്റ് ഗിയറില്‍ മാത്രം പോകുക
- വെള്ളത്തിലൂടെ പോകുമ്പോള്‍ എ.സി ഓഫ് ചെയ്യുക
- വാഹനം വേഗത്തില്‍ ഓടിക്കുന്നതിന് പകരം മുന്‍കൂട്ടി യാത്രതിരിക്കുക
- നിര്‍ത്തിയിട്ട് വാഹനത്തില്‍ വെള്ളം കയറിയാല്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

