തകരാറിലായ സോളാർ പ്ലാന്റ് മാറ്റി നൽകിയില്ല; 2.5 ലക്ഷം നഷ്ടപരിഹാരം
text_fieldsസോളാർ പ്ലാന്റ്
കൊച്ചി: വാറന്റി കാലയളവിനുള്ളിൽ തകരാറിലായ സോളാർ പ്ലാന്റ് ശരിയാക്കി നൽകുന്നതിൽ വീഴ്ചവരുത്തിയതിന് ഉപഭോക്താവിന് 2.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി. എറണാകുളം തേവരയിലെ വിദ്യോദയ സ്കൂൾ 2018ൽ തൃശൂർ ആസ്ഥാനമായ സൗര നാച്വറൽ എനർജി സൊല്യൂഷൻസ് ഇന്ത്യ പ്രൈവറ്റ് എന്ന സ്ഥാപനത്തിൽനിന്ന് 13,36,677 രൂപ നൽകി 30 കിലോവാട്ട് ശേഷിയുള്ള സൗരോർജ പ്ലാന്റ് സ്ഥാപിച്ചിരുന്നു.
പ്ലാന്റ് കമീഷൻ ചെയ്ത 2018 ഒക്ടോബർ മുതൽ അഞ്ചുവർഷത്തെ വാറന്റിയും നൽകിയിരുന്നു. എന്നാൽ, വാറന്റി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് 2023 ഒക്ടോബറിൽ ഇൻവെർട്ടർ തകരാറിലായി. സ്കൂൾ അധികൃതർ കമ്പനിയെ വിവരം അറിയിച്ചതിനെ തുടർന്ന് ടെക്നീഷൻമാർ തകരാർ സ്ഥിരീകരിച്ചെങ്കിലും ഇൻവെർട്ടർ നന്നാക്കുകയോ മാറ്റി നൽകുകയോ ചെയ്തില്ല.
പിന്നീട്, കമ്പനി ഇൻവെർട്ടർ കൊണ്ടുപോയെങ്കിലും വാറന്റി കാലഹരണപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി നന്നാക്കുന്നതിന് പണം ആവശ്യപ്പെടുകയായിരുന്നു. കമ്പനി തങ്ങളുടെ വാറന്റി വ്യവസ്ഥകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടെന്നും ഇത് സേവനത്തിലെ ഗുരുതരമായ വീഴ്ചയാണെന്നും ഡി.ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ തുടങ്ങിയവർ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി.
സ്കൂളിന് 2,50,000 രൂപ നഷ്ടപരിഹാരവും കോടതിച്ചെലവായി 5000 രൂപയും 45 ദിവസത്തിനകം നൽകാനാണ് ഉത്തരവ്. പരാതിക്കാർക്കുവേണ്ടി അഡ്വ. ജിയോ പോൾ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

