തട്ടിക്കൊണ്ടുപോകൽ കേസിൽ നിർണായക വഴിത്തിരിവ്; വൻ ലഹരിശൃംഖല തകർത്ത് പൊലീസ്
text_fieldsകൊച്ചി: മരട് ഫോറം മാളിന് മുന്നിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിന്റെ അന്വേഷണം നിർണായക വഴിത്തിരിവിലെത്തി. കേസിന്റെ അന്വേഷണത്തിനൊടുവിൽ വൻ ലഹരിമരുന്ന് ശൃംഖലയാണ് കൊച്ചി സിറ്റി പൊലീസ് തകർത്തത്. വിവിധ സ്ഥലങ്ങളിലായി നടത്തിയ പരിശോധനകളിൽ എം.ഡി.എം.എയുമായി നിരവധി പ്രതികളെ അറസ്റ്റ് ചെയ്തതോടൊപ്പം തട്ടിക്കൊണ്ടുപോകൽ കേസിലെ മുഖ്യപ്രതികളെയും പിടികൂടി. മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തിയത്.
ജൂലൈ 29 രാത്രി 9.50ഓടെയാണ് ഫോറം മാളിന് മുന്നിൽ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന യുവാവിനെ മാരുതി സ്വിഫ്റ്റ് കാറിലെത്തിയ സംഘം ബലമായി തട്ടിക്കൊണ്ടുപോയത്. സംഘത്തിലെ ഒരാൾ യുവാവിന്റെ സ്കൂട്ടറും ഓടിച്ചുകൊണ്ടുപോയിരുന്നു. പരാതിക്കാരില്ലാതിരുന്ന സാഹചര്യത്തിൽ സംഭവത്തിന് ദൃക്സാക്ഷിയായ ഫുഡ് ഡെലിവറി ജീവനക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മരട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേരാത്രി തന്നെ സിറ്റി പൊലീസ് കമീഷണറുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച അന്വേഷണസംഘം സംഭവത്തിൽ ഉപയോഗിച്ച വാഹനം കണ്ടെത്തി. വാഹനം മയക്കുമരുന്ന് കേസിലെ പ്രതിയായ പാലക്കാട് അലനല്ലൂർ സ്വദേശി വി.പി ഷഹനാസിന്റെ(29) പേരിലുള്ളതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. തുടർന്നുള്ള അന്വേഷണത്തിൽ കാപ്പ നിയമപ്രകാരം നാടുകടത്തപ്പെട്ടതും വിവിധ ക്രിമിനൽ കേസുകളിലെ പ്രതിയുമായ തോപ്പുംപടി സ്വദേശി ഫ്രാൻസിസ് സേവ്യർ, കണ്ണൂർ ഇരിട്ടി സ്വദേശി അനൂപ് എന്നിവരുടെ പങ്കാളിത്തവും കണ്ടെത്തി.
ഞെട്ടിക്കുന്ന ട്വിസ്റ്റുകൾ...
അന്വേഷണത്തിന്റെ ഭാഗമായി ജില്ലയിലെ സജീവ ലഹരി സംഘങ്ങളെ കേന്ദ്രീകരിച്ച് ഡാൻസാഫ് സംഘം വെണ്ണലയിൽ നടത്തിയ പരിശോധനയിൽ കഴിഞ്ഞദിവസം 4.48 ഗ്രാം എം.ഡി.എം.എയുമായി നാല് പേരെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിലാണ് ഇക്കൂട്ടത്തിൽ പിടിയിലായ റിജോയ് ബിക്സൺ ഫ്രാൻസിസാണ് തട്ടിക്കൊണ്ടുപോകപ്പെട്ടയാളെന്ന് വ്യക്തമായത്.
ബിനു മോഹനൻ, പാർവ്വതി, സാന്ദ്രാഞ്ജലി എന്നിവരും ഇയാൾക്കൊപ്പം പിടിയിലായിരുന്നു. ഷഹനാസിന്റെ സംഘത്തിൽനിന്ന് വാങ്ങിയ മയക്കുമരുന്നിന്റെ പണവുമായി ബന്ധപ്പെട്ട കുടിശ്ശിക തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണമെന്ന് റിജോയ് മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് പാലാരിവട്ടം പൊലീസ് എൻ.ഡി.പി.എസ് കേസ് രജിസ്റ്റർ ചെയ്തു.
സമാന്തര അന്വേഷണത്തിൽ തട്ടിക്കൊണ്ടുപോകൽ കേസിൽ നേരിട്ട് പങ്കെടുത്ത മുണ്ടംവേലി സ്വദേശി സ്മിജിൽ ആന്റണി(25)യെ 0.1 ഗ്രാം എം.ഡി.എം.എയുമായി കണ്ണമാലിയിൽ നിന്ന് അറസ്റ്റ് ചെയ്തു. തുടർന്ന് ഷഹനാസിന്റെ മറ്റൊരു സഹായി ബോൾഗാട്ടി സ്വദേശി നിഖിൽ കെന്റിനെ മുളവുകാട് പൊലീസ് 1.95 ഗ്രാം എം.ഡി.എംഎയുമായി പിടികൂടി. തട്ടിക്കൊണ്ടുപോകൽ കേസുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ആറ് കേസുകളും സംയോജിപ്പിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

