കൗൺസിൽ യോഗം ബ്രഹ്മപുരം ബയോമൈനിങ്; കരാർ കാലാവധി നീട്ടി കോർപറേഷൻ പ്രതിഷേധവുമായി പ്രതിപക്ഷം
text_fieldsബ്രഹ്മപുരത്തെ ബയോമൈനിങ് കരാർ കാലാവധി നീട്ടുന്നതിനെതിരെ കോർപറേഷൻ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം നടത്തിയ പ്രതിഷേധം
കൊച്ചി: ബ്രഹ്മപുരത്തെ ബയോമൈനിങ് നടത്തുന്ന ‘ഭൂമി ഗ്രീൻ എനർജി’ക്ക് സെപ്റ്റംബർ 30 വരെ കരാർ കാലാവധി നീട്ടി നൽകി കോർപറേഷൻ കൗൺസിൽ യോഗത്തിൽ തീരുമാനമായി. യു.ഡി.എഫിന്റെ പ്രതിഷേധവും ബി.ജെ.പിയുടെ എതിർപ്പും മറികടന്നാണ് തീരുമാനം. സാമ്പത്തിക പ്രയാസം, മഴ എന്നിവ കാരണം നിലവിലെ സമയക്രമത്തിൽ ബയോമൈനിങ് പൂർത്തിയാകാനാകില്ലെന്നും കരാർ കാലാവധി നീട്ടി നൽകണമെന്നും ‘ഭൂമി ഗ്രീൻ എനർജി’ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കാലാവധി നീട്ടിയത്.
കൊച്ചി നഗരത്തിന്റെ പൊതുകാര്യമായതിനാൽ തർക്കത്തിലേക്ക് പോകുന്നത് ശരിയല്ലെന്നും നടപടിക്രമങ്ങൾ സുതാര്യമാണെന്നും മേയർ എം. അനിൽകുമാർ പറഞ്ഞു. ഇതിനിടെ അഴിമതി ആരോപണങ്ങളുമായി യു.ഡി.എഫ് അംഗങ്ങൾ രംഗത്തെത്തി. പറയുന്നത്രയും മാലിന്യം ബ്രഹ്മപുരത്തില്ല, ഓഡിറ്റിൽ പ്രതികൂല പരാമർശങ്ങളുണ്ട്, കരാർ പ്രകാരമുള്ള കലാവധിക്കുള്ളിൽ തീർക്കാത്തത് വീഴ്ചയാണ് തുടങ്ങിയ ആരോപണങ്ങളാണ് യു.ഡി.എഫ് ഉന്നയിച്ചത്. കലാവധി നീട്ടി നൽകരുതെന്ന് പ്രതിപക്ഷ കക്ഷി നേതാവ് ആന്റണി കുരീത്തറ, എം.ജി. അരിസ്റ്റോട്ടിൽ എന്നിവർ ആവശ്യപ്പെട്ടു. ബി.ജെ.പി അംഗങ്ങളും അഴിമതി ആരോപിച്ചു.
ബയോമൈനിങ് 90 ശതമാനം പൂർത്തിയാക്കിയതായി മേയർ പറഞ്ഞു. ബ്രഹ്മപുരത്ത് അഭിമാനകരമായ നേട്ടമാണ് കോർപറേഷൻ കൈവരിച്ചിരിക്കുന്നത്. ഇവിടെ ബയോമൈനിങ് നടക്കരുതെന്നായിരുന്നു യു.ഡി.എഫിന്റെ ആഗ്രഹം. അത് രാഷ്ട്രീയമാണ്. ബയോമൈനിങ്ങിൽ അഴിമതിയില്ല. കൈകൾ ശുദ്ധമാണ്. ഓഡിറ്റ് പരാമർശങ്ങൾക്ക് മറുപടി നൽകിയിട്ടുണ്ട്. ഓഡിറ്റ് പരാമർശം ആശ്രയിച്ച് തീരുമാനം എടുക്കാനാകില്ല. ആർ.ഡി.എഫിന്റെ തൂക്കം നോക്കിയല്ല ബില്ലെന്നും കൈകാര്യം ചെയ്ത മാലിന്യത്തിന്റെ അളവ് നോക്കിയാണെന്നും ആർക്കുവേണമെങ്കിലും ഇക്കാര്യങ്ങളിൽ പരിശോധന നടത്താമെന്നും മേയർ പറഞ്ഞു. കരാർ നീട്ടുന്നത് നിയപരമായ ബാധ്യതയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

