കാത്തിരിപ്പിന് വിരാമം; പുറയാർ റെയിൽവേ മേൽപാലം നിർമാണം ഇന്ന് ആരംഭിക്കും
text_fieldsശനിയാഴ്ച മേൽപാലം നിർമാണം ആരംഭിക്കുന്ന പുറയാർ റെയിൽവേ ഗേറ്റ്
ദേശം: കാലടി റോഡിലെ യാത്രക്കാരുടെ ചിരകാല സ്വപ്നമായിരുന്ന പുറയാർ റെയിൽവേ മേൽപാലം നിർമാണത്തിന് ശനിയാഴ്ച തുടക്കം കുറിക്കും. ഉച്ചക്ക് 12ന് സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർമാണോദ്ഘാടനം നിർവഹിക്കും. അൻവർ സാദത്ത് എം.എൽ.എ അധ്യക്ഷതവഹിക്കും.
ബെന്നി ബഹനാൻ എം.പി മുഖ്യാതിഥിയായിരിക്കും. മേൽപാലം നിർമാണത്തിന് 39.90 കോടിയും അപ്രോച് റോഡിന് സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെ 18.81 കോടിയും ഉൾപ്പെടെ 53.71 കോടിയാണ് പദ്ധതിയുടെ മൊത്തം ചെലവ്. 627 മീറ്റർ നീളത്തിലും 10.15 മീറ്റർ വീതിയിലുമാണ് പാലം നിർമിക്കുന്നത്. പാലത്തിൽ രണ്ടുവരി ഗതാഗതത്തിന് 7.5 മീറ്ററും നടപ്പാലത്തിന് 1.5 മീറ്ററുമായിരിക്കും വീതി. പാലത്തിന്റെ ഇരുവശത്തും 290 മീറ്റർ നീളത്തിൽ അപ്രോച് റോഡും ട്രെയ്നേജ് ഉൾപ്പെടെ അഞ്ച് മീറ്റർ വീതിയിൽ റോഡിനിരുവശത്തും സർവിസ് റോഡുമുണ്ടായിരിക്കും.
റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷനാണ് നിർമാണച്ചുമതല. പാലം യാഥാർഥ്യമാകുന്നതോടെ കാലങ്ങളായി യാത്ര ദുരിതം അനുഭവിക്കുന്ന ചെങ്ങമനാട്, ശ്രീമൂലനഗരം, കാഞ്ഞൂർ പഞ്ചായത്തുകളിലെ ആയിരക്കണക്കിന് നിവാസികൾക്കും തീർഥാടകർക്കും അനുഗ്രഹമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

