മട്ടാഞ്ചേരി ജലമെട്രോ ടെർമിനൽ നിർമാണം ഉടൻ
text_fieldsകൊച്ചി: മട്ടാഞ്ചേരി ജല മെട്രോ ടെർമിനൽ നിർമാണം ഉടൻ ആരംഭിക്കുമെന്ന് കെ.എം.ആർ.എൽ അധികൃതർ അറിയിച്ചു. ടൂറിസ പ്രാധാന്യമേറെയുള്ള മട്ടാഞ്ചേരി ടെർമിനൽ പരമാവധി വേഗത്തിൽ യാഥാർഥ്യമാക്കാനുള്ള പരിശ്രമത്തിലാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്. ഇതിന്റെ ഭാഗമായി ടെർമിനലിന്റെ നിർമാണ ടെൻഡർ നടപടികൾ പൂർത്തിയായി. എറണാകുളം ആസ്ഥാനമായ ക്രസന്റ് കോൺട്രാക്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡിനാണ് നിർമാണ കരാർ. 10 മാസത്തിനകം നിർമാണം പൂർത്തിയാക്കി ടെർമിനലിൽനിന്ന് സർവിസ് ആരംഭിക്കാനാണ് കെ.എം.ആർ.എൽ ലക്ഷ്യമിടുന്നതെന്ന് കെ.എം.ആർ.എൽ, കെ.ഡബ്ല്യു.എം.എൽ മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹ്റ അറിയിച്ചു. ടെർമിനലിനായുള്ള സ്ഥലത്തെ നിർമാണ മുന്നൊരുക്കങ്ങൾ ഉടൻ തുടങ്ങും.
ഡിസംബറിൽ ടെർമിനലിന്റെ പൈലിങ് ആരംഭിക്കും. പ്രീ-ഫാബ് സ്ട്രക്ചർ ഉൾപ്പെടെയുള്ള നിർമാണ രീതികളാണ് ഉപയോഗിക്കുക. ഹൈകോർട്ട് ജങ്ഷനിൽനിന്ന് സൗത്ത് ചിറ്റൂരിലേക്കുള്ള സർവിസാണ് അടുത്തതായി ആരംഭിക്കുക. ഫോർട്ട്കൊച്ചി, മുളവുകാട് നോർത്ത്, വെലിങ്ടൺ ഐലൻഡ്, കുമ്പളം, കടമക്കുടി, പാലിയംതുരുത്ത് ടെർമിനലുകളുടെയും നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. പ്രധാന ടെർമിനലുകളിൽ ഒന്നായ ഫോർട്ട് കൊച്ചി ടെർമിനലിന്റെ നിർമാണം ഡിസംബറിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

