സർക്കാർ അതിഥിമന്ദിരം നിർമാണം ഇഴയുന്നു
text_fieldsനിർമാണം ഇഴയുന്ന പൊതുമരാമത്ത് വകുപ്പിന്റെ മൂവാറ്റുപുഴയിലെ അതിഥിമന്ദിരം
മൂവാറ്റുപുഴ: രണ്ടുവർഷം കഴിഞ്ഞിട്ടും മൂവാറ്റുപുഴ സർക്കാർ അതിഥിമന്ദിരത്തിന്റെ നിർമാണപ്രവർത്തനങ്ങൾ പൂർത്തിയായില്ല. ഒരുവർഷം കൊണ്ട് പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ചാണ് മന്ദിരത്തിന്റെ നിർമാണപ്രവർത്തനങ്ങൾ തുടങ്ങിയത്. അഞ്ചുകോടി രൂപ ചെലവിൽ ആരംഭിച്ച നിർമാണം വേഗത്തിൽ തീർക്കാനുള്ള ഒരുക്കത്തിലാണെന്ന് അധികൃതർ അവകാശപ്പെടുന്നുമുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ മൂവാറ്റുപുഴയിലെ പഴയ റെസ്റ്റ് ഹൗസ് നവീകരിക്കാൻ കഴിഞ്ഞ സർക്കാറിന്റെ കാലത്ത് അഞ്ചുകോടി രൂപ അനുവദിച്ചിരുന്നെങ്കിലും നിർമാണം തുടങ്ങാൻ വൈകിയിരുന്നു. തുടർന്ന് 2023 ഒക്ടോബർ മൂന്നിനാണ് നിർമാണമാരംഭിച്ചത്.
മൂന്നുനിലകളിലാണ് പുതിയ അഥിതിമന്ദിരം ഉയരുന്നത്. താഴെ രണ്ടുനിലകളിൽ മുറികളാണ് ഒരുക്കുന്നത്. താഴത്തെ നിലയില്‍ സ്യൂട്ട് റൂമടക്കം മൂന്ന് മുറികളുണ്ട്. അടുക്കളയും ഡൈനിങ് ഹാളും താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കും. മൂന്നാം നിലയില്‍ വലിയ കോണ്‍ഫറന്‍സ് ഹാളാണ് പണിയുന്നത്. ലിഫ്റ്റടക്കം രണ്ടു നിലകളിലായി 11 മുറികളുണ്ട്. രണ്ടുനിലകളുടെ നിർമാണ പ്രവർത്തനങ്ങൾ നിലവിൽ പൂർത്തിയായി. പ്രത്യേക പാര്‍ക്കിങ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഫണ്ട് തികയാത്തതുമൂലം കോൺഫറൻസ് ഹാൾ നിർമാണം നടക്കുന്നില്ല.
ഏഴുപതിറ്റാണ്ടുമുമ്പ് നിർമിച്ച റെസ്റ്റ് ഹൗസ് കാലപ്പഴക്കംമൂലം ചോർന്നൊലിക്കുന്ന നിലയിലായിരുന്നു. കൃത്യമായി അറ്റകുറ്റപ്പണികൾപോലും നടന്നിരുന്നില്ല. അസൗകര്യങ്ങളും പരിമിതികളുംമൂലം നാശത്തിന്റെ വക്കിലായ റെസ്റ്റ് ഹൗസ് പുതുക്കിനിർമിക്കണമെന്നാവശ്യപ്പെട്ട് മുൻ എം.എൽ.എ എൽദോ എബ്രഹാമാണ് അന്നത്തെ സർക്കാറിനെ സമീപിച്ചത്. തുടർന്ന് അഞ്ചുകോടി രൂപ അനുവദിച്ചു. എന്നാൽ, ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ പദ്ധതി തടസ്സം നേരിട്ടു.
പുതിയസർക്കാർ അധികാരത്തിൽ എത്തിയപ്പോൾ ഗെസ്റ്റ് ഹൗസ് നിർമാണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എം.എൽ.എ നടത്തിയ ഇടപടലുകളെത്തുടർന്നാണ് പണിയാരംഭിച്ചത്.
കിഴക്കന്‍ മേഖലയിലെ ആദ്യ സര്‍ക്കാര്‍ അതിഥി മന്ദിരമായിരുന്നു മൂവാറ്റുപുഴയിലേത്. മുന്‍ മുഖ്യമന്ത്രിമാരായിരുന്ന ഇ.എം.എസ്, സി. അച്യുതമേനോന്, കെ. കരുണാകരന്, എ.കെ. ആന്റണി, പി.കെ.വാസുദേവന്‍ നായര്‍, സി.എച്ച്. മുഹമ്മദ് കോയ, അച്യുതാനന്ദന്, ഉമ്മന്‍ ചാണ്ടി എന്നിവരുടെയും മന്ത്രിമാരുടെയും ഉന്നത രാഷ്ട്രീയ മതനേതാക്കളുടെയും ഇടത്താവളമായിരുന്നു മന്ദിരം. കമ്യൂണിസ്റ്റ് ആചാര്യന് എ.കെ. ഗോപാലനും (എ.കെ.ജി), ഭാര്യ സുശീല ഗോപാലനും അടക്കം നിരവധി പ്രമുഖർ ഇവിടെ താമസിച്ചിട്ടുണ്ട്. കിഴക്കൻ മേഖലയിലെ പ്രധാന പട്ടണമായ മൂവാറ്റുപുഴയിൽ സർക്കാർ അധീനതയിൽ മറ്റ് അതിഥി മന്ദിരങ്ങൾ നിലവിലില്ലാത്ത സാഹചര്യത്തിൽ നിർമാണം വേഗത്തിൽ പൂർത്തിയാക്കി തുറന്നുനൽകണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

