ഒടുവിൽ നിർമാണം തുടങ്ങുന്നു, ആലുവ നഗരസഭ പൊതുമാർക്കറ്റ്
text_fieldsആലുവ: പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ നഗരസഭ പൊതു മാർക്കറ്റ് നിർമാണം ആരംഭിക്കാനൊരുങ്ങുന്നു. 50 കോടിയുടെ ഭരണാനുമതി ലഭിച്ച പുതിയ മാർക്കറ്റ് സമുച്ചയത്തിന്റെ നിർമാണോദ്ഘാടനം മേയ് 27ന് വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് അൻവർ സാദത്ത് എം.എൽ.എ, നഗരസഭ ചെയർമാൻ എം.ഒ. ജോൺ എന്നിവർ അറിയിച്ചു. 10 വർഷം മുമ്പ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് തറക്കല്ലിട്ടത്.
എന്നാൽ, പല കാരണങ്ങളാൽ നിർമാണം ആരംഭിക്കാനായില്ല. പിന്നീട് എം.എൽ.എ അടക്കമുള്ളവരുടെ ശ്രമഫലമായി, പ്രധാനമന്ത്രി മത്സ്യ സമ്പത്ത് യോജനയിൽനിന്ന് 30 കോടി രൂപയും സംസ്ഥാന സർക്കാറിന്റേതായി 20 കോടിയും അനുവദിക്കുകയായിരുന്നു. ഊരാളുങ്കൽ സൊസൈറ്റിക്കാണ് നിർമാണ കരാർ. 50 കോടി രൂപയുടേതാണ് പദ്ധതി.
നാലുനിലകളിലായി 1,82,308 ചതുരശ്ര അടിയിലാണ് നിർമാണം. ഇതിൽ റെസ്റ്റോറന്റും സൂപ്പർമാർക്കറ്റും കൂടാതെ 88 ഷോപ്പുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും നൂതന സംവിധാനങ്ങളോടു കൂടിയ മാർക്കറ്റ് സമുച്ചയമായിരിക്കും നിർമിക്കുക. നിർമാണോദ്ഘാടന ചടങ്ങിന് മുന്നോടിയായ സ്വാഗത സംഘം രൂപവത്കരണ യോഗം മേയ് മൂന്നിന് രാവിലെ 10.30 ന് ആലുവ നഗരസഭ കോൺഫറൻസ് ഹാളിൽ ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

