ഇന്ന് അവതരിപ്പിക്കേണ്ട കോർപറേഷൻ ബജറ്റ് ചോർന്നതായി പരാതി
text_fieldsകൊച്ചി: കൊച്ചി കോർപറേഷനിൽ യു.ഡി.എഫ് ഭരണസമിതിയുടെ ആദ്യ ബജറ്റ് ചൊവ്വാഴ്ച അവതരിപ്പിക്കുന്നതിന് മുമ്പേ ബജറ്റ് കണക്കുകൾ ചോർന്നതായി പരാതി. എൽ.ഡി.എഫ് പാർലമെന്ററി പാർട്ടിയാണ് കോർപറേഷൻ സെക്രട്ടറിക്ക് പരാതി നൽകിയത്. മുനിസിപ്പാലിറ്റി നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമായ നടപടിയാണ് കോർപറേഷന്‍റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്.
കേരള മുൻസിപ്പാലിറ്റി ആക്ട് 1994ലെ 293 ചട്ടപ്രകാരം ധനകാര്യ സ്‌റ്റാൻഡിങ് സമിതിയിൽ അവതരിപ്പിച്ച് അംഗീകരിച്ച ശേഷം ബജറ്റ് കൗൺസിലിൽ അവതരിപ്പിക്കുകയും തുടർന്ന് ചർച്ചകൾക്ക് ശേഷം ഭേദഗതികളുണ്ടെങ്കിൽ അവ അംഗീകരിച്ച ശേഷമുള്ള ബജറ്റാണ് പരസ്യപ്പെടുത്തേണ്ടത്. എന്നാൽ ഇതിന് വിരുദ്ധമായ കാര്യമാണ് ഇപ്പോഴുണ്ടായത്. ആയതിനാൽ വീണ്ടും ധനകാര്യ സ്‌റ്റാൻഡിങ് സമിതി ചേർന്ന് ബജറ്റ് പുനക്രമീകരിച്ച് അംഗീകരിച്ച ശേഷം മാത്രമേ ബജറ്റ് അവതരിപ്പിക്കാൻ പാടുള്ളൂവെന്നും ഇക്കാര്യം സംസ്ഥാന സർക്കാരിന് റിപ്പോർട്ട് ചെയ്യണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
ചൊവ്വാഴ്ച രാവിലെ 10.30നാണ് ബജറ്റ് അവതരണം. ഇതിന് മുമ്പു തന്നെ ബജറ്റ് കണക്കുകൾ മേയറുടെ ഓഫീസിൽ നിന്നും പുറത്തുവിടുകയായിരുന്നു. ‘‘2026-27 സാമ്പത്തിക വർഷത്തിലേക്ക് 13881383902- രൂപ വരവും 12551689000 രൂപ ചെലവും 1329694902 രൂപ നീക്കി ബാക്കിയും പ്രതീക്ഷിക്കുന്ന ബജറ്റ് എസ്റ്റിമേറ്റാണ് കൗൺസിൽ അംഗീകാരത്തിനായി ഇന്ന് അവതരിപ്പിക്കുന്ന''തെന്നുള്ള നോട്ടീസ് മാധ്യമങ്ങൾക്കുൾപ്പെടെ ലഭിച്ചു.
സാധാരണ ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പായി തീയതിയും സമയവും ഉൾപ്പെടെയുള്ള അറിയിപ്പ് മാത്രമാണ് നൽകാറുള്ളത്. കണക്കുകൾ മാത്രമാണ് പുറത്തുവന്നിരിക്കുന്നതെങ്കിലും ബജറ്റിന്റെ തന്നെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന നടപടിയാണ് യു.ഡി.എഫ് ഭരണസമിതിയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.എ. ശ്രീജിത്ത്, പി.ജെ. യേശുദാസ്, കെ.ജെ. ബെയ്സിൽ, ജഗദംബിക സുദർശൻ എന്നിവർ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

