വയോധികയുടെ മരണത്തിൽ ദുരൂഹതയെന്ന് പരാതി; കേസെടുത്തു
text_fieldsപറവൂർ: കെടാമംഗലം ചൂണ്ടാണിക്കാവ് ശിവശക്തി വീട്ടിൽ തങ്കമണിയുടെ (74) മരണത്തിൽ ദുരൂഹതയുണ്ടെന്ന മകൻ ബിനോയിയുടെ പരാതിയിൽ അസ്വഭാവിക മരണത്തിന് കേസെടുത്തു. വ്യാഴാഴ്ച രാവിലെഎറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് തങ്കമണി മരിച്ചത്.
2024 മേയ് മാസത്തിന് മുമ്പ് തങ്കമണിക്ക് ബിനോയിയുടെ ഭാര്യ വിഷം നൽകിയിരുന്നതായി സംശയം പ്രകടിപ്പിച്ചതിനെത്തുടർന്നാണ് കേസെടുത്തത്. മകന്‍റെ ഭാര്യയുടെ വഴിവിട്ട ബന്ധം ചോദ്യം ചെയ്തതിന്‍റെ പേരിൽ തന്നെ മർദ്ദിച്ചെന്നുകാട്ടി തങ്കമണി നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പ്രശ്നം ഒത്തുതീർപ്പായതിനുശേഷം പ്രസാദമെന്ന് പറഞ്ഞ് മരുമകൾ തങ്കമണിക്ക് ഭസ്‌മം കഴിക്കാൻ നൽകിയെന്നും അത് കഴിച്ചശേഷം നിരന്തരം വയറുവേദന ഉണ്ടായത് വിഷം കലർത്തിയ ഭക്ഷണംനൽകിയതുമൂലമാണെന്ന് സംശയമുണ്ടെന്നും കാട്ടി വീണ്ടും തങ്കമണി പൊലീസിനെ സമീപിച്ചിരുന്നു.
എന്നാൽ നടപടിയുണ്ടായില്ലെന്ന് ബന്ധുക്കൾ പറയുന്നു. പിന്നീട്, പറവൂർ ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹരജി നൽകി. എന്നാൽ,കോടതി ഹർജി തള്ളിയതിനെത്തുടർന്ന് തങ്കമണി ഹൈകോടതിയെ സമീപിച്ചു. ഹൈകോടതി കേസ് ചൊവ്വാഴ്ച പരിഗണിക്കാനിരിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്.
കഴിഞ്ഞ 10ന് തങ്കമണിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ രക്തം പരിശോധിക്കണമെന്നും അസ്വാഭാവികമായി എന്തെങ്കിലുമുണ്ടെങ്കിൽ അറിയിക്കണമെന്നും ആവശ്യപ്പെട്ട് ആശുപത്രിക്ക് കത്തു നൽകിയിരുന്നതായി മുനമ്പം ഡിവൈ.എസ്.പി എസ്. ജയകൃഷ്ണൻ പറഞ്ഞു. മൃതദേഹം ശനിയാഴ്ച എറണാകുളം മെഡിക്കൽ കോളജിൽ പോസ്റ്റ‌്‌മോർട്ടം നടത്തിയ ശേഷം സംസ്കരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

