വരൂ കാണാം, ആഴക്കടലിന്റെ വിസ്മയക്കാഴ്ചകൾ
text_fieldsസി.എം.എഫ്.ആർ.ഐ മ്യൂസിയത്തിൽ നിന്നുള്ള ദൃശ്യം
കൊച്ചി: ആഴക്കടലിന്റെ വിസ്മയക്കാഴ്ചകളും കൗതുകമുണർത്തുന്ന കടലറിവുകളുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും തുറന്നിടുന്നു. 79ാം സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി ഫെബ്രുവരി മൂന്നിന് സി.എം.എഫ്.ആർ.ഐ ഓപൺ ഹൗസ് പ്രദർശനം നടത്തും. രാവിലെ ഒമ്പത് മുതൽ മൂന്ന് വരെയാണ് പ്രദർശനം.
കടലാഴങ്ങളിലെ വൈവിധ്യമായ ജൈവവൈവിധ്യങ്ങളും സി.എം.എഫ്.ആർ.ഐ നടത്തിവരുന്ന ഗവേഷണ പഠനങ്ങളും പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. വിവിധ ഗവേഷണവിഭാഗങ്ങൾ ഒരുക്കുന്ന പ്രദർശനം, അപൂർവ ശേഖരങ്ങളുള്ള മ്യൂസിയം, മറൈൻ അക്വേറിയം, വിവിധ ലബോറട്ടറികൾ, ഹാച്ചറികൾ തുടങ്ങിയ സന്ദർശിക്കാനും വിദഗ്ധരുമായി ആശയവിനിമയം നടത്താനും അവസരമുണ്ടാകും. തിമംഗലം, ഡോൾഫിന് തുടങ്ങിയ കടൽസസ്തനികളെ കുറിച്ചുള്ള പ്രത്യേക പവലിയനാണ് ഇത്തവണത്തെ പ്രധാന ആകർഷണം.
ഏറ്റവും വലിയ മത്സ്യമായ തിമിംഗല സ്രാവ്, കടൽ മുയൽ, പറക്കും കൂന്തൽ, കടൽ വെള്ളരി, പലതരം കടൽ സസ്യങ്ങൾ, കടൽപാമ്പുകൾ, വിഷമത്സ്യങ്ങൾ തുടങ്ങി മൂവായിരത്തോളം സമുദ്ര ജൈവവൈവിധ്യങ്ങളുടെ ശേഖരമടങ്ങുന്നതാണ് സി.എം.എഫ്.ആർ.ഐയിലെ നാഷണൽ മറൈൻ ബയോഡൈവേഴ്സിറ്റി മ്യൂസിയം. സി.എം.എഫ്.ആർ.ഐയുടെ ഗവേഷണമേഖലകൾ അടുത്തറിയാനും സംശയനിവാരണത്തിനും പ്രദർശനം പ്രയോജനപ്പെടും.
കൂടാതെ, കാർഷിക അനുബന്ധ മേഖലകളിലെ ഉന്നത പഠനം, തൊഴിൽസാധ്യതകൾ എന്നിവ പരിചയപ്പെടുത്തുന്ന പ്രത്യേക സെഷൻ 2.30 മുതൽ നാല് വരെ നടക്കും. സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ് ഉൾപ്പെടെ വിവിധ ശാസത്രജ്ഞർ വിദ്യാർത്ഥികളുമായി സംവദിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

