വല്ലാത്തൊരു പാലം... ഇത് പുല്ലേപ്പടി പാലം
text_fieldsപുല്ലേപ്പടി പാലത്തിലെ തകർന്ന റോഡിലൂടെ പോകുന്ന ഇരുചക്ര വാഹന യാത്രികൻ
കൊച്ചി: എറണാകുളം പുല്ലേപ്പടി റെയിൽവേ മേൽപാലത്തിലെ കുഴികൾ വാഹനയാത്രികരുടെ നടുവൊടിക്കുന്നു. പുല്ലേപ്പടിയെയും കതൃക്കടവിനെയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ മിക്ക ഭാഗങ്ങളും കുഴികൾ നിറഞ്ഞും ആകെ തകർന്നും കിടക്കുകയാണ്.
ആഴ്ചകൾക്കു മുമ്പ് മഴക്കാലത്ത് പാലത്തിലെ കുഴികൾ സിമന്റ് ചാക്കിട്ട് താൽക്കാലികമായി അടച്ചിരുന്നെങ്കിലും തൊട്ടുപിന്നാലെ പൂർവസ്ഥിതിയിലായി. കൊച്ചി നഗരത്തിൽനിന്ന് പ്രധാന റോഡിലെ ഗതാഗതക്കുരുക്കിൽപെടാതെ വൈറ്റില, കാക്കനാട്, തമ്മനം, വെണ്ണല, പാലാരിവട്ടം ഭാഗങ്ങളിലേക്ക് പോകാനുള്ള വഴിയാണ് തമ്മനം-പുല്ലേപ്പടി റോഡ്, ഈ റോഡിലെ പ്രധാന പാലമാണ് കാലങ്ങളായി തകർന്നുകിടക്കുന്നത്. പാലത്തിന്റെ മധ്യഭാഗത്ത് റോഡിന്റെ ഒരുവശത്ത് പൂർണമായും തകർന്ന സ്ഥിതിയുണ്ട്. കൂടാതെ പുല്ലേപ്പടി ജങ്ഷനിൽനിന്ന് പാലത്തിലേക്ക് കയറി അധികം വൈകാതെ ഒരു വലിയ കുഴിയുമുണ്ട്. രാത്രിയിലും മറ്റും ഇത് ശ്രദ്ധയിൽപെടാതെ ഇരുചക്ര വാഹനങ്ങളുൾപ്പെടെ കുഴിയിൽ വീഴുന്നത് പതിവാണ്.
കുഴിയിൽ വീഴാതിരിക്കാൻ വെട്ടിക്കുമ്പോൾ ബൈക്കും സ്കൂട്ടറുമുൾപ്പെടെ പലതവണ അപകടത്തിൽപെട്ടിട്ടുമുണ്ട്. പൊതുമരാമത്തിനു (ബ്രിഡ്ജസ്) കീഴിലാണ് നിലവിൽ പാലം വരുന്നത്. പാലം ടാർ ചെയ്ത് നവീകരിക്കുന്നതിന്റെ ഭാഗമായി ടെൻഡർ നടപടികൾ നടക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അടുത്ത ദിവസങ്ങളിൽ തന്നെ കുഴികൾ താൽക്കാലികമായി മൂടും. 36 ലക്ഷത്തോളം രൂപക്കാണ് നവീകരണ പ്രവർത്തനങ്ങൾ നടപ്പാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

