ടാങ്കർ ലോറികളിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിലും കോളിഫോം ബാക്ടീരിയ
text_fieldsവെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ചൂർണിക്കര പഞ്ചായത്ത് അടച്ചുപൂട്ടാൻ നോട്ടീസ് നൽകിയ കിണർ
ആലുവ: കൊച്ചി നഗരത്തിലേക്കടക്കം ടാങ്കർ ലോറികളിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിൽ കോളിഫോം ബാക്ടീരിയയും. പൊതുവിൽ സ്വകാര്യ ജലസ്രോതസ്സുകളിൽനിന്ന് ശേഖരിച്ച് വിതരണം ചെയ്യുന്ന കുടിവെള്ളം മാലിന്യം നിറഞ്ഞതാണെന്ന് ആക്ഷേപമുണ്ട്. ഇതിനിടയിലാണ് ചൂർണിക്കര പഞ്ചായത്തിലെ ചില കിണറുകളിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ചൂർണിക്കര ഗ്രാമപഞ്ചായത്തിൽ കുടിവെള്ളത്തിനായി ജലം എടുക്കുന്ന കിണറുകളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ബാക്ടീരിയ കണ്ടെത്തിയത്.
നാല് കിണറുകളുടെ ജലം പരിശോധിച്ചപ്പോൾ രണ്ട് കിണറുകൾ ഉപയോഗിക്കാൻ സാധിക്കാത്ത രീതിയിൽ കോളിഫോം ബാക്ടീരിയ കണ്ടെത്തി. അതിന്റെ അടിസ്ഥാനത്തിൽ കിണറുകൾ അടച്ചുപൂട്ടുവാൻ പഞ്ചായത്ത് നോട്ടീസ് നൽകി. കിണറിന്റെ ഉടമസ്ഥരായ വലിയപാടത്ത് ഡെന്നിസ്, കാട്ടാത്തുകുളം മരിയ ഹലൻ വർഗീസ് എന്നിവർക്കാണ് നോട്ടീസ് നൽകിയതെന്ന് പഞ്ചായത്ത് പ്രസിഡൻറ് നസീർ ചൂർണിക്കര അറിയിച്ചു. പുളിഞ്ചോട് മെട്രോ സ്റ്റേഷന് സമീപത്തെ അടുത്തടുത്ത കിണറുകളാണ് അടച്ചുപൂട്ടിയത്.
എറണാകുളം, കാക്കനാട് ഭാഗങ്ങളിലെ ഫ്ലാറ്റുകളിലേക്കും വലിയ ഹോട്ടലുകളിലേക്കുമാണ് ഈ ഭാഗങ്ങളിൽനിന്ന് കുടിവെള്ളമെത്തിക്കുന്നത്. എറണാകുളമടക്കമുള്ള പട്ടണങ്ങളിലടക്കം കുടിവെള്ളമെത്തിക്കുന്നത് വലിയ ലോബികളാണ്. ഫ്ലാറ്റുകൾ, ഹോട്ടലുകൾ, മറ്റ് വലിയ സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലേക്ക് നിരവധി ടാങ്കർ ലോറികളാണ് നിത്യേന വെള്ളമെത്തിക്കുന്നത്. ഇത്തരത്തിൽ വെള്ളം വിതരണം ചെയ്യുന്നവരിൽ പലരും ഒരു മാനദണ്ഡവും പാലിക്കാതെ കിട്ടാവുന്നിടങ്ങളിൽ നിന്നെല്ലാം വെള്ളമെടുക്കുകയാണ്. നിത്യേന ധാരാളം വെള്ളം ആവശ്യമുള്ളതിനാൽ വെള്ളം വിതരണം ചെയ്യുന്ന കരാറുകാരോ വാങ്ങുന്നവരോ ഇടനിലക്കാരോ വെള്ളത്തിന്റെ ഗുണമേൻമയൊന്നും പരിശോധിക്കാറില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

