ബോട്ട് കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിച്ചതിനെത്തുടർന്ന് സംഘർഷം
text_fieldsവൈപ്പിൻ: പെലാജിക് വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയെന്ന പരാതിയെ തുടർന്ന് അഴീക്കോട്ടുനിന്ന് എത്തിയ ഫിഷറീസ് ഉദ്യോഗസ്ഥ സംഘം മുനമ്പം ഹാർബറിൽനിന്ന് മത്സ്യബന്ധന ബോട്ട് കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചത് ബോട്ടുടമയും തൊഴിലാളിയും ചേർന്ന് തടഞ്ഞതോടെ സംഘർഷം. ഫിഷറീസ് വകുപ്പ് അധികൃതർ മുനമ്പം പൊലീസിന്റെ സഹായം തേടി. സ്ഥലത്തെത്തിയ പൊലീസ് ബോട്ടുടമ ഉൾപ്പെടെ അഞ്ചുപേരെ അറസ്റ്റ് ചെയ്തു.
ബോട്ടുടമ മുനമ്പം അറക്കപ്പറമ്പിൽ ബിജു ആന്റണി (48), പറവൂർ പെരുമ്പടന്ന മൈലന്തറ സന്തോഷ് (58), മുനമ്പം കത്തിക്കുളത്ത് ബാബു (56), കൊൽക്കത്ത സ്വദേശി സൗരവ്ദാസ് (40), മുനമ്പം അറക്കപ്പറമ്പിൽ വിൽജൻ (45) എന്നിവരാണ് അറസ്റ്റിലായത്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനാണ് കേസ്. കഴിഞ്ഞ ദിവസം തൃശൂർ ഇടമുട്ടം ഭാഗത്ത് തീരക്കടലിൽ അബാൻ, ആബേൽ എന്നീ രണ്ട് ബോട്ടുകൾ ചേർന്ന് പെലാജിക് പെയർ ട്രോളിങ് നടത്തുന്നത് തീരത്ത് മത്സ്യബന്ധനം നടത്തിവന്ന പരമ്പരാഗത വള്ളത്തിലെ മത്സ്യത്തൊഴിലാളികൾ തടയുകയും ഫിഷറീസ് അധികൃതർക്ക് പരാതി നൽകുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് ഞായറാഴ്ചയാണ് ബോട്ടുകൾ കസ്റ്റഡിയിലെടുക്കാൻ ഉദ്യോഗസ്ഥർ മുനമ്പം ഹാർബറിൽ എത്തിയത്. അബാൻ എന്ന ബോട്ട് കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുമ്പോഴായിരുന്നു ഉടമയും തൊഴിലാളികളും തടഞ്ഞത്.
കാര്യം എന്തെന്ന് പറയാതെയായിരുന്നു ഉദ്യോഗസ്ഥർ ബോട്ട് അഴിച്ചതെന്നാണ് തൊഴിലാളികൾ പറയുന്നു. ഉദ്യോഗസ്ഥർ പിന്നീട് ഫിഷറീസ് വകുപ്പിന്റെ പട്രോളിങ് ബോട്ട് ഉപയോഗിച്ച് കെട്ടിവലിച്ച് കൊണ്ടുപോകാൻ ശ്രമിക്കവെ തൊഴിലാളികൾ ബോട്ട് സ്റ്റാർട്ടാക്കി മുന്നോട്ട് എടുത്തതോടെ ബോട്ടുകൾ തമ്മിൽ ഇടിച്ച് ബോട്ടിലുണ്ടായിരുന്ന ഫിഷറീസ് ഉദ്യോഗസ്ഥരും പൊലീസുകാരും ബോട്ടിൽ വീണു. ഫിഷറീസിന്റെ ബോട്ടിനു കേടും സംഭവിച്ചു.
തുടർന്നാണ് പൊലീസ് അഞ്ചുപേരെ അറസ്റ്റ് ചെയ്തത്. പിന്നീട് ബോട്ട് അഴീക്കോട്ടേക്ക് കൊണ്ടുപോകുകയും ചെയ്തു. അതേസമയം, ബോട്ടുകൾ നിയമവിരുദ്ധമായി മത്സ്യബന്ധനം നടത്തിയാൽ ബോട്ടുകളെ മറ്റിടങ്ങളിലേക്ക് കൊണ്ടുപോകാതെ പിടികൂടുന്ന സ്ഥലത്തുതന്നെ മഹസർ തയാറാക്കണമെന്ന് ചീഫ് സെക്രട്ടറിയുടെയും ഫിഷറീസ് ഡയറക്ടറുടെയും ബോട്ടുടമ സംഘം പ്രതിനിധികളുടെയും സാന്നിധ്യത്തിൽ എടുത്ത തീരുമാനത്തിനു വിരുദ്ധമായി ഫിഷറീസ് ഉദ്യോഗസ്ഥർ ബോട്ട് പിടിച്ചതാണ് സംഘർഷത്തിനിടയാക്കിയതെന്ന് ബോട്ടുടമകൾ പറഞ്ഞു.
മുനമ്പം സി.ഐ എ.എൽ. യേശുദാസ്, എസ്.ഐമാരായ വി.കെ. ശശികുമാർ, എ.എസ്.ഐ സുനീഷ് ലാൽ, പൊലീസുകാരായ ബിജു, മനോജ്, ജയദേവൻ, രശ്മി, ക്ഷേമ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

