കൊച്ചി കടൽതീരത്ത് കക്കകൾ ചത്തടിയുന്നു; തീരത്തടിയുന്ന മാലിന്യമാണ് കാരണമെന്ന് മത്സ്യത്തൊഴിലാളികൾ
text_fields1. കോരി മാറ്റിയ തോടുകൾ ചാക്കുകളിൽ നിറച്ചുവെച്ച നിലയിൽ, 2. തീരത്തടിഞ്ഞ കക്ക തോടുകൾ
ഫോർട്ട് കൊച്ചി: കൊച്ചി കടൽതീരത്ത് കക്കകൾ ചത്തടിയുന്നു. ദിനംപ്രതി പതിനായിരക്കണക്കിന് ചത്ത കക്കകളുടെ തോടുകളാണ് തീരത്തടിയുന്നത്. കായലുകളിൽനിന്ന് കടലിലേക്ക് ഒഴുകിയെത്തുന്ന മാലിന്യമാണ് കക്കകൾ കൂട്ടത്തോടെ ചത്തടിയാൻ കാരണമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.
ചത്ത മൃഗങ്ങൾ, അറവുമാലിന്യം, ഫാക്ടറി മാലിന്യം തുടങ്ങി വിവിധ തരം മാലിന്യങ്ങൾ കായൽ വഴി അഴിമുഖത്ത് ഒഴുകിയെത്തുമ്പോൾ ഇവ അടിയുന്നത് തീരത്താണ്. അടിതട്ടിലെ ആവാസവ്യവസ്ഥയിൽ കഴിയുന്ന കക്കകൾക്ക് ഇവ ഭീഷണിയായി മാറുകയാണ്. ഒരു മാസം മുമ്പുവരെ പോളപായലുകളാണ് തീരത്ത് അടിഞ്ഞിരുന്നത്. ഇവക്ക് ശമനം വന്നപ്പോഴാണ് ചത്ത് ചീഞ്ഞ മൃഗങ്ങളടക്കമുള്ള മാലിന്യം ഒഴുകി തീരത്തെത്തുന്നത്.
വേമ്പനാട്ടു കായലിന്റെ അടിത്തട്ടിൽ കഴിയുന്ന ജലജീവികൾക്ക് പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം ഭീഷണിയാകുന്നുവെന്ന് അടുത്തിടെ ഗവേഷണ സംഘങ്ങൾ നടത്തിയ പഠനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം പ്രതിഫലനമാകം തീരത്തോട് ചേർന്ന് അടിത്തട്ടിൽ കഴിയുന്ന കക്കകളെയും ബാധിക്കുന്നതെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. തീരത്തടിയുന്ന കക്കകൾ മറ്റു ഉപയോഗങ്ങൾക്കായി സ്വകാര്യ വ്യക്തികൾ വാരിമാറ്റുന്നുണ്ട്. രണ്ടാഴ്ചക്കിടെ ഏതാണ്ട് ഇരുന്നൂറോളം ചാക്ക് കക്ക തോടുകൾ മാറ്റിയതായാണ് പറയപ്പെടുന്നത്. കായലുകളിലും തോടുകളിലും മാലിന്യം തള്ളുന്നതിനെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

