കൊച്ചിയുടെ ചരിത്രത്തിന്‍റെ ഭാഗമായ ചുങ്കം പാലം ഓർമയാകുന്നു
text_fieldsമട്ടാഞ്ചേരി: കൊച്ചിയുടെ ചരിത്രത്തിന്‍റെ ഭാഗമായ ചുങ്കം പാലം ഓർമയാകുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ച പാലം കാലപ്പഴക്കം കണക്കിലെടുത്താണ് പുനർനിർമിക്കുന്നത്.
പഴയ തിരുകൊച്ചിയുടെയും ബ്രിട്ടീഷ് കൊച്ചിയുടെയും അതിർത്തിയിൽ പണിത പാലത്തിൽ മറുകര കടക്കാൻ ചുങ്കം നൽകണമായിരുന്നു. ഇതേതുടർന്നാണ് ചുങ്കം പാലം എന്ന് പേരുവന്നത്. പിന്നീട് മട്ടാഞ്ചേരി, ഫോർട്ട്കൊച്ചി പ്രദേശങ്ങളുടെ അതിർത്തി പാലമായും മാറി. കൊച്ചി സ്മാർട്ട് മിഷന്‍റെ ഭാഗമായാണ് പൊളിച്ചുപണി നടക്കുന്നത്. ആറു മാസംകൊണ്ട് പണി പൂർത്തീകരിച്ച് ജനങ്ങൾക്ക് പുതിയ പാലം തുറന്ന് കൊടുക്കുമെന്ന് സി.എസ്.എം.എൽ അധികൃതർ പറഞ്ഞു. കാൽനടയായി മറുകര കടക്കാൻ താൽക്കാലികമായി ചെറിയപാലം തയാറാക്കിയിട്ടുണ്ട്.
അതേസമയം, വാണിജ്യ മേഖലയായ മട്ടാഞ്ചേരി ബസാറിലേക്ക് ചരക്കുകളുമായി വരുന്ന വാഹനങ്ങളടക്കം മറുകര കടന്നിരുന്ന പാലത്തിന്‍റെ നിർമാണപ്രവർത്തനം സമയബന്ധിതമായിതന്നെ പൂർത്തീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പാലം പുനർനിർമാണം ആരംഭിച്ച് വലിയ കുഴിയെടുത്ത ശേഷം നാലുമാസം നിർമാണം നിലച്ചിരുന്നു.
ഇതുമൂലം ഇരുകരയിലെയും ജനം ഏറെ വലഞ്ഞിരുന്നു. ബസാറിലേക്ക് ചരക്കുമായി വന്ന ലോറി കുഴിയിൽ ചാടി 12 മണിക്കൂറിനുശേഷമാണ് ഉയർത്തി മാറ്റാനായത്. പ്രധാന പാലം എന്നത് കണക്കിലെടുത്ത് ദ്രുതഗതിയിൽ പുനർനിർമാണം പൂർത്തിയാക്കണമെന്ന് വിവിധ സംഘടനകളും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.