ചിട്ടിത്തുക തിരികെ നൽകിയില്ല; 8.55 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
text_fieldsകൊച്ചി: വരിക്കാരിൽ നിന്ന് ലക്ഷങ്ങൾ തവണകളായി ചിട്ടി തുക സ്വീകരിച്ച ശേഷം അറിയിപ്പില്ലാതെ ഓഫീസ് പൂട്ടി മുങ്ങിയ കുറി കമ്പനി ചിട്ടി 8.55 ലക്ഷം രൂപ നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി. കൊച്ചി കടവന്ത്ര സ്വദേശിയും നാടക കലാകാരനുമായ സതീഷ് സംഗമിത്ര, കൊടുങ്ങല്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫിനിസേയർ കുരീസ് എന്ന സ്ഥാപനത്തിനെതിരെ നൽകിയ പരാതിയിലാണ് ഉത്തരവ്.
ഡി.ബി. ബിനു അധ്യക്ഷനും, വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അടങ്ങുന്ന ബെഞ്ചിന്‍റെയാണ് ഉത്തരവ്. 2011ലാണ് പരാതിക്കാരൻ എതിർകക്ഷി സ്ഥാപനത്തിൽ 16.5 ലക്ഷം രൂപ സലയുള്ള ചിട്ടിയിൽ ചേർന്നത്. പ്രതിമാസം 7,500 രൂപ വീതം 110 തവണകളായി 8,25,000 രൂപ കൃത്യമായി അടച്ചു. എന്നാൽ 111ാം തവണ അടക്കാനായി ബാങ്കിലെത്തിയപ്പോൾ കുറി കമ്പനിയുടെ അക്കൗണ്ട് ക്ലോസ് ചെയ്തതായും സ്ഥാപനം പൂട്ടി ഭാരവാഹികൾ മുങ്ങിയതായും പരാതിക്കാരൻ അറിഞ്ഞു. തുടർന്ന് നൽകിയ വക്കീൽ നോട്ടീസിനും മറുപടി ലഭിക്കാത്തതിനെത്തുടർന്നാണ് കോടതിയെ സമീപിച്ചത്.
വരിക്കാരെ പ്രലോഭിപ്പിച്ച് ചിട്ടിയിൽ ചേർത്ത ശേഷം അറിയിപ്പില്ലാതെ സ്ഥാപനം അടച്ചുപൂട്ടിയത് അധാർമിക വ്യാപാര രീതിയാണെന്ന് കോടതി കണ്ടെത്തി. തന്‍റെ വാർദ്ധക്യകാല സുരക്ഷക്കായി കരുതിവെച്ച പണം നഷ്ടപ്പെട്ടത് പരാതിക്കാരന് വലിയ മാനസിക വിഷമമുണ്ടാക്കിയെന്ന് ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി. പരാതിക്കാരൻ അടച്ച 8,25,000 രൂപ 12 ശതമാനം പലിശ സഹിതം തിരിച്ചുനൽകണം.
കൂടാതെ, പരാതിക്കാരനുണ്ടായ മാനസിക വിഷമത്തിനും സാമ്പത്തിക നഷ്ടത്തിനും നഷ്ടപരിഹാരമായി 25,000 രൂപയും കോടതി ചെലവായി 5,000 രൂപയും 45 ദിവസത്തിനകം നൽകാൻ എതിർകക്ഷികൾക്ക് കോടതി ഉത്തരവ് നൽകി. അഡ്വ. ബിന്നി കമൽ പരാതിക്കാരന് വേണ്ടി ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

