കളിയുപകരണങ്ങൾ എവിടെ സാറെ...
text_fieldsമൂവാറ്റുപുഴ ചിൽഡ്രൻസ് പാർക്ക്
മൂവാറ്റുപുഴ: മധ്യവേനൽ അവധി ആരംഭിച്ചതോടെ കുട്ടികളുടെ പാർക്കിൽ തിരക്കേറി. എന്നാൽ, പാർക്കിൽ വേനലവധി ആഘോഷമാക്കാൻ എത്തുന്ന കുട്ടികളെ നിരാശരാക്കുന്നതാണ് പാർക്കിലെ അവസ്ഥ. നാല് പതിറ്റാണ്ട് മുമ്പ് നഗരമധ്യത്തിലെ പുഴയോരത്ത് വലിയ പാലത്തിനു സമീപം നിർമിച്ച കുട്ടികളുടെ പാർക്ക് അധികൃതരുടെ അനാസ്ഥമൂലം നശിക്കുകയാണ്.
ഒരു കാലത്ത് മധ്യകേരളത്തിലെ മനോഹരമായ പാർക്കുകളിൽ ഒന്നായിരുന്നു മൂവാറ്റുപുഴ ചിൽഡ്രൻസ് പാർക്ക്. വൈകുന്നേരങ്ങൾ സമ്പന്നമാക്കാൻ ദൂരദിക്കുകളിൽ നിന്നുവരെ കുട്ടികളും മുതിർന്നവരും ഇവിടെ എത്തിയിരുന്നു. പുഴയിൽനിന്നുമെത്തുന്ന കുളിർക്കാറ്റേറ്റ് ഇരിക്കാനും നിരവധിയാളുകൾ എത്തിയിരുന്നു.
പാർക്കിലെ കളിയുപകരണങ്ങൾ പലതും ഉപയോഗശൂന്യമായിട്ട് നാളുകളായി. പലതും തുരുമ്പെടുത്ത് നശിച്ചുകഴിഞ്ഞു. വേനലവധിക്ക് മുമ്പ് പാർക്ക് നവീകരിക്കുമെന്ന് പ്രഖ്യാപനം ഉണ്ടായെങ്കിലും ഒന്നും നടന്നില്ല. വേനലവധി ആരംഭിച്ചതോടെ നിരവധി കുട്ടികളാണ് പാർക്കിലെത്തുന്നത്. നാലുവർഷം മുമ്പ് താമരക്കുളം, ഏറുമാടം തുടങ്ങിയവ ഒരുക്കി മനോഹരമാക്കിയ പാർക്കിൽ ഇപ്പോൾ ഇതെല്ലാം തകർന്ന നിലയിലാണ്. കുട്ടികള്‍ക്ക് സൈക്കിള്‍ സവാരി ചെയ്യുന്നതിനായി സൈക്കിളുകളും ഒരുക്കിയിരുന്നു. എന്നാൽ, ഇവയെല്ലാം കട്ടപ്പുറത്താണ്. സൈക്കിളുകളെല്ലാം കേടായതിനെ തുടർന്ന് ബാത്ത് റൂമിൽ തള്ളിയിരിക്കുകയാണ്. നേരത്തെ എം.സി റോഡിൽനിന്ന് പാർക്കിലേക്ക് നേരിട്ടുണ്ടായിരുന്ന പ്രവേശന കവാടം അടച്ചുപൂട്ടി.
പാർക്കിലെ ലൈറ്റുകൾ പലതും തെളിഞ്ഞിട്ടും വർഷങ്ങളായി. എന്നാൽ, ടിക്കറ്റിന്റെ കാര്യത്തിൽ ഒരു വീഴ്ചയും ഇല്ല. മുതിർന്നവരിൽനിന്ന് 20 രൂപയും കുട്ടികൾക്ക് 10 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റെടുത്ത് പാർക്കിൽ കയറുന്നവർ പാർക്കിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് ജീവനക്കാരോട് തട്ടിക്കയറുന്നതും പതിവായിക്കഴിഞ്ഞു.
പാർക്ക് നവീകരണത്തിന് ഫണ്ട് അനുവദിക്കുമെന്നും നവീകരിക്കുമെന്നും പറയാൻ തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഒരു നവീകരണവും ഇവിടെ നടന്നിട്ടില്ല. അടിയന്തരമായി പാർക്ക് നവീകരിക്കണമെന്നും നഗരമധ്യത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും സായാഹ്നങ്ങൾ ചെലവഴിക്കാൻ ഏറ്റവും അനുയോജ്യമായ രീതിയിൽ നിർമിച്ച പാർക്കിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നുമുള്ള ആവശ്യമാണുയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

