ചെമ്മായം-കോട്ടുവള്ളി പാലത്തിന് 21.62 കോടിയുടെ ഭരണാനുമതി
text_fieldsശോച്യാവസ്ഥയിലായ ചെമ്മായം-കോട്ടുവള്ളി പാലം
വരാപ്പുഴ: കോട്ടുവള്ളി പഞ്ചായത്തിലെ ചെമ്മായം-കോട്ടുവള്ളി പാലത്തിന് 21.62 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. കോട്ടുവള്ളിയെയും കൂനമ്മാവിനെയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ മധ്യഭാഗത്തെ നാല് തൂണുകൾക്ക് 2018ലെ പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ചതിനാൽ പൊതുമരാമത്ത് വകുപ്പ് പാലത്തിലൂടെയുള്ള ഗതാഗതം തടഞ്ഞിരുന്നു.
പുതിയ പാലത്തിന് ചീഫ് എൻജിനീയർ മുഖേന ഡിസൈൻ തയാറാക്കി സർക്കാരിന് സമർപ്പിക്കുകയും ചീഫ് ടെക്നിക്കൽ എക്സാമിനറുടെ നിർദേശങ്ങളോടെ 17.42 കോടിയുടെ ഭരണാനുമതി ലഭിക്കുകയുമുണ്ടായി. 2020ൽ തൂണുകൾ നിർമിക്കാൻ മണ്ണ് പരിശോധന നടത്തിയിരുന്നു. ഒരു വർഷം കഴിഞ്ഞാണ് അപ്രോച്ച് റോഡിന്റെ മണ്ണ് പരിശോധന നടത്തിയത്. പിന്നീട് കാര്യമായ നടപടികളൊന്നുമുണ്ടായില്ല. കോട്ടുവള്ളിയിൽനിന്ന് ചെമ്മായം റോഡ് വഴി കൂനമ്മാവ് ദേശീയ പാതയിൽ എത്തുന്ന തരത്തിലാണ് പാലം നിർമിക്കുക. 215 മീറ്റർ നീളത്തിലും 5.30 മീറ്റർ വീതിയിലും ഒന്നര മീറ്റർ നടപ്പാതയും ഉൾപ്പെടെ 13 സ്പാനുകളിലാണ് പാലം നിർമിക്കുന്നത്. ഇറിഗേഷൻ വകുപ്പിന്റെ നിർദേശ പ്രകാരം ജലനിരപ്പിൽനിന്ന് ആറ് മീറ്റർ ഉയരമുണ്ടായിരിക്കും. ദേശീയപാതയിലെ തിരക്ക് ഗണ്യമായി കുറക്കാനും കോട്ടുവള്ളി, ഏഴിക്കര ഭഗത്തുള്ളവർക്ക് ദേശീയ പാതയിൽ വേഗം എത്താനും പാലം ഉപകരിക്കും.
2001ൽ ജോർജ് ഈഡൻ എം.പിയുടെ ഫണ്ട് ഉപയോഗിച്ചാണ് നിലവിലെ പാലം പണിതത്. ഓട്ടോ റിക്ഷക്ക് കടന്നുപോകാവുന്ന വീതി മാത്രമേയുള്ളൂ. പ്രളയശേഷം പാലം ഉപയോഗശൂന്യമായെങ്കിലും പൊതുമരാമത്ത് വകുപ്പിന്റെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെടാത്തതിനാൽ പുതിയ പാലത്തിനുള്ള നടപടികൾ വൈകി. വിദ്യാർഥികളുൾപ്പെടെ ആയിരക്കണക്കിന് പേർ യാത്രാദുരിതം അനുഭവിക്കുന്നുണ്ട്. പാലത്തിനും അപ്രോച്ച് റോഡിനുമായുള്ള സ്ഥലമെടുപ്പ് അവസാന ഘട്ടത്തിലാണ്. സ്ഥലമെടുപ്പ് പൂർത്തീകരിച്ച് പൊതുമരാമത്ത് പാലം വിഭാഗത്തിന് കൈമാറിയ ശേഷം ടെണ്ടർ നടപടികൾ സ്വീകരിച്ച് നിർമാണം വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

