പുറയാറിൽ രാസമാലിന്യം കത്തിച്ചു; 25,000 രൂപ പിഴ ഈടാക്കി
text_fieldsചെങ്ങമനാട്: പഞ്ചായത്ത് 14ാം വാർഡിൽ അനധികൃതമായി സംഭരിച്ച ആശുപത്രി മാലിന്യവും വ്യവസായശാല രാസമാലിന്യവും കത്തിച്ചയാൾക്കെതിരെ ചെങ്ങമനാട് പഞ്ചായത്ത് നടപടി സ്വീകരിച്ചു. മാലിന്യം തള്ളിയ ഏജൻസിയെ കണ്ടെത്തി 25,000 രൂപ പിഴയടപ്പിക്കുകയും കോരി മാറ്റിക്കുകയും ചെയ്തു.
മാലിന്യം സംഭരിച്ച സ്ഥലത്തിന്റെ ഉടമയായ പുറയാർ സ്വദേശി ജലീലിന് പഞ്ചായത്ത് നോട്ടീസ് നൽകും. വെള്ളിയാഴ്ച രാത്രിയോടെയാണ് നാട്ടുകാർക്ക് ദുരിതമാകും വിധം അലക്ഷ്യമായി കത്തിച്ചത്. രോഷാകുലരായ നാട്ടുകാർ പ്രതിഷേധവുമായെത്തി. രാത്രി അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും ചേർന്നാണ് തീകെടുത്തിയത്. നാട്ടുകാരുടെ പരാതിയെത്തുടർന്ന് ശനിയാഴ്ച രാവിലെ ഹെൽത്ത് ഇൻസ്പെക്ടർ പി.ഇ. അനീസ, പഞ്ചായത്ത് ക്ലർക്ക് പി.ജെ. ജോഷി, വാർഡ് അംഗം ടി.വി. സുധീഷ് തുടങ്ങിയവർ സ്ഥലത്തെത്തി നിജസ്ഥിതി ബോധ്യപ്പെട്ടതോടെയാണ് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചത്.

