ചെല്ലാനം കടല്‍ഭിത്തി: ഒന്നാംഘട്ട നിർമാണം പൂർത്തിയായി
text_fieldsചെല്ലാനത്തെ ടെട്രാപോഡ് കടൽഭിത്തി നിർമാണം പൂർത്തീകരിച്ചത് കലക്ടർ
എന്‍.എസ്.കെ. ഉമേഷ് പരിശോധിക്കുന്നു
പള്ളുരുത്തി: ചെല്ലാനം തീരത്ത് ടെട്രാപോഡ് കടല്‍ഭിത്തിയുടെ 7.32 കിലോമീറ്റര്‍ വരുന്ന ഒന്നാംഘട്ടം പൂര്‍ത്തിയായതായി കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ് അറിയിച്ചു. രണ്ടാംഘട്ടത്തിന്റെ എസ്റ്റിമേറ്റ് തയാറാണെന്നും ഭരണാനുമതി ലഭിക്കുന്നതിനനുസരിച്ച് നിർമാണ പ്രവൃത്തി തുടങ്ങാൻ കഴിയുമെന്നും കലക്ടര്‍ പറഞ്ഞു. ചെല്ലാനം പഞ്ചായത്തില്‍ ടെട്രാപോഡ് ഇല്ലാത്ത പ്രദേശങ്ങളിലെ മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി മണല്‍വാട, ജിയോബാഗ് സ്ഥാപിക്കൽ എന്നീ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താനെത്തിയതായിരുന്നു കലക്ടർ. 14 ലക്ഷം രൂപ ദുരന്തനിവാരണ ഫണ്ടില്‍നിന്ന് ഇതിനായി നേരത്തേ അനുവദിച്ചിരുന്നു. കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് എന്നിവിടങ്ങളിലാണ് മണല്‍വാട, ജിയോബാഗ് കടല്‍ഭിത്തി നിർമിക്കുന്നത്.
ചെല്ലാനം ഹാര്‍ബർ മുതല്‍ പുത്തന്‍തോട് ബീച്ച് വരെയുള്ള 7.32 കിലോമീറ്ററിൽ ടെട്രാപോഡ് കടൽഭിത്തിയുടെ ആദ്യഘട്ടമാണ് പൂര്‍ത്തിയായത്. വാക് വേയുടെ നിർമാണവും പൂര്‍ത്തിയായി. പുത്തന്‍തോട് മുതൽ വടക്കോട്ട് കണ്ണമാലി പ്രദേശം ഉള്‍പ്പെടുന്നതാണ് ടെട്രാപോഡ് രണ്ടാംഘട്ടം. ജനപ്രതിനിധികളും പ്രദേശവാസികളുമായി കലക്ടർ ചര്‍ച്ച നടത്തി. സര്‍ക്കാറിന്റെയും ജില്ല ഭരണകൂടത്തിന്റെയും പൂര്‍ണ പിന്തുണ തീരദേശ ജനതക്കുണ്ടാകുമെന്നും അവർ ഉന്നയിച്ച കാര്യങ്ങൾ ഉള്‍പ്പെടുത്തിയാകും മഴക്കാലം ശക്തിപ്പെടുംമുമ്പുള്ള പ്രവൃത്തികൾ പൂര്‍ത്തിയാക്കുകയെന്നും കലക്ടർ പറഞ്ഞു.
ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. പ്രസാദ്, വൈസ് പ്രസിഡന്റ് അനില സെബാസ്റ്റ്യൻ, പഞ്ചായത്ത് അംഗങ്ങളായ കെ.എൽ. ജോസഫ്, കെ.എസ്. നിക്സൺ, സീമ ബിനോയ്, കെ.കെ. കൃഷ്ണകുമാർ, റോസി പെക്സി, ബെന്‍സി, ദുരന്തനിവാരണം ഡെപ്യൂട്ടി കലക്ടർ ഉഷ ബിന്ദു മോൾ, മേജർ ഇറിഗേഷൻ, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും കലക്ടർക്കൊപ്പമുണ്ടായിരുന്നു.

