പരിശോധന ശക്തം; 984 വാഹനങ്ങൾക്കെതിരെ നടപടി
text_fieldsകൊച്ചി: മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ നടത്തിയ പരിശോധനയിൽ നിയമലംഘനത്തിന് 984 വാഹനങ്ങൾക്കെതിരെ നടപടി. മധ്യമേഖല ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണറുടെ നേതൃത്വത്തിൽ ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഒക്ടോബർ 25 മുതൽ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്.
കൊച്ചി നഗരത്തിൽ ഏഴു റൂട്ടുകളിലായി 14 സ്ക്വാഡ് പരിശോധന നടത്തി. മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്ത്, വാഹനം കസ്റ്റഡിയിലെടുത്തു. വടുതലയിൽ വിദ്യാർഥി ഓടിക്കൊണ്ടിരുന്ന വാഹനത്തിൽനിന്ന് തെറിച്ചുവീണ സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് ആറുമാസത്തേക്ക് റദ്ദാക്കി. ജില്ലയിൽ അന്യ ജില്ലകളിലെ പെർമിറ്റ് ഉപയോഗിച്ച് അനധികൃതമായി സർവിസ് നടത്തിയിരുന്ന 400ഓളം ഓട്ടോറിക്ഷകൾക്കെതിരെയും നടപടിയെടുത്തു. അപകടകരമായ രീതിയിൽ വാഹനം ഓടിച്ച 15ഓളം ബസ് ഡ്രൈവർമാർക്കെതിരെയും നടപടിയെടുത്തു.
ട്രിപ് കട്ട് ചെയ്ത് സർവിസ് നടത്താതിരുന്ന 40ഓളം ബസുകളുടെ പെർമിറ്റിൽ നടപടി എടുക്കാൻ ആർ.ടി.ഒ ബോർഡിലേക്ക് ശിപാർശ ചെയ്തു. ട്രാഫിക്കിന് എതിർദിശയിൽ ബസ് ഓടിച്ച് മറ്റു യാത്രക്കാർക്കും വാഹനങ്ങൾക്കും പോകാൻ കഴിയാത്ത വിധം മാർഗതടസ്സം സൃഷ്ടിച്ച ഡ്രൈവറുടെ ലൈസൻസ് മൂന്നുമാസത്തേക്ക് റദ്ദാക്കി.
മൂവാറ്റുപുഴ, വണ്ണപ്പുറം വഴി കാളിയാർ റൂട്ടിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസിൽനിന്ന് യാത്രക്കാരി വീണ സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ നടപടി സ്വീകരിച്ചു. സീബ്രാലൈനുകളിൽ കാൽനടക്കാരെ കടന്നുപോകാൻ അനുവദിക്കാതെ അലക്ഷ്യമായി വാഹനമോടിക്കുന്ന ഡ്രൈവർമാരുടെ ലൈസൻസിൽ നടപടിയെടുക്കണമെന്ന ഹൈകോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ നിരവധി കേസുകളിൽ നടപടിയെടുത്തു.
ബസുകൾ സ്റ്റോപ്പിൽ നിർത്താതെ റോഡിന്റെ നടുക്ക് നിർത്തി ഗതാഗത തടസ്സം സൃഷ്ടിക്കുന്ന ഡ്രൈവർമാർക്കെതിരെ നടപടി ഉണ്ടാകും. നഗരത്തിൽ പരിശോധന കർശനമാക്കിയതിനെ തുടർന്ന് ഗതാഗത നിയമലംഘനങ്ങളിൽ കാര്യമായ കുറവ് വന്നിട്ടുള്ളതായി എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ അറിയിച്ചു. പരിശോധനകൾ കർശനമായി തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

