ചവർപാടത്തും സഡക് റോഡിലും മാലിന്യം നിറയുന്നു
text_fieldsചൂർണിക്കര: പഞ്ചായത്തിലെ വിശാല പാടശേഖരമായ ചവർപാടത്തും അതിന് നടുവിലൂടെ കടന്നുപോകുന്ന സഡക് റോഡിലും മാലിന്യം നിറയുന്നു. പഞ്ചായത്ത് അധികൃതരുടെ അനാസ്ഥയാണ് റോഡിനെയും പാടശേഖരത്തെയും മാലിന്യക്കൂമ്പാരമാക്കി മാറ്റുന്നതെന്ന് ആക്ഷേപമുണ്ട്. വർഷങ്ങൾക്ക് മുമ്പ് റോഡിന് ഇരുവശവും മാലിന്യവും കാടും നിറഞ്ഞിരിക്കുകയായിരുന്നു. ആർക്കും വേണ്ടാതെ കിടന്നിരുന്ന ഈ സ്ഥലം കുറെ ചെറുപ്പക്കാരുടെ പ്രയത്നത്താൽ ഏതാനും വർഷം മുമ്പ് മനോഹരമായി മാറുകയായിരുന്നു.
അടയാളം പുരുഷ സ്വയംസഹായ സംഘത്തിന്‍റെ നേതൃത്വത്തിൽ ആദ്യം ചവർപാടത്ത് കൃഷി ഇറക്കുകയായിരുന്നു. പതിറ്റാണ്ടുകൾക്ക് ശേഷമാണ് ആ യുവാക്കളിലൂടെ പ്രദേശത്ത് നെൽകൃഷി തിരികെയെത്തിയത്. ഇതോടനുബന്ധിച്ച് പാടശേഖരത്തിനും റോഡിനുമിടയിൽ പൂച്ചെടികൾ വെച്ചുപിടിപ്പിക്കുകയും ചെയ്തു. ഇതിന്‍റെയെല്ലാം ഫലമായി പ്രദേശത്ത് മാലിന്യം തള്ളൽ ഒഴിവാകുകയും ചെയ്തു. ഇതോടെ പ്രഭാത, സായാഹ്ന സവാരിക്കാരുടെ ഇഷ്ടകേന്ദ്രമായി പ്രദേശം മാറി. വിവിധ നാടുകളിൽനിന്ന് ആളുകൾ സായാഹ്നം ആസ്വദിക്കാൻ ഇവിടേക്ക് ഒഴുകിയെത്തി.
റോഡിന് ഇരുവശത്തും സഞ്ചാരികൾക്ക് ഇരിക്കാൻ ഇരിപ്പിടങ്ങളും ഒരുങ്ങി. എന്നാൽ, അധികൃതരുടെ അനാസ്ഥമൂലം നെൽകൃഷിയിൽനിന്ന് യുവാക്കൾ പിൻവാങ്ങി. പിന്നീട് പഞ്ചായത്ത് കൃഷി ഇറക്കിയെങ്കിലും കാര്യമായ മേൽനോട്ടമുണ്ടായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇതോടെ കൃഷിയും ഇല്ലാതായി. ഇതാണ് പ്രദേശത്ത് മാലിന്യം നിറയാനും ഇടയാക്കിയത്. ഈ വഴിയിലൂടെ ഇപ്പോൾ മൂക്കുപൊത്താതെ നടക്കാൻ വയ്യാത്ത അവസ്ഥയായി. മാലിന്യം കുന്നുകൂടിയതോടെ തെരുവുനായ്ക്കളും പ്രദേശത്ത് നിറഞ്ഞു. ഭയപ്പാടോടെയാണ് പ്രഭാത സവാരിക്കാർ ഇതുവഴി പോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.