ചാമ്പ്യൻസ് ബോട്ട് ലീഗ് കൊച്ചി കായലിൽ ആവേശപ്പോരാട്ടം
text_fieldsകൊച്ചി: ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) മത്സരങ്ങൾ ഒക്ടോബർ 11 ഉച്ചക്ക് രണ്ടിന് കൊച്ചി കായലിൽ നടക്കും. മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ടി.ജെ. വിനോദ് എം.എൽ.എ, കലക്ടർ ജി. പ്രിയങ്ക എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്നു.
സുഗമമായി വള്ളങ്ങൾക്ക് സഞ്ചരിക്കാൻ കായലിലെ ട്രാക്കിന്റെ പരിശോധന നടപടികൾ എളുപ്പത്തിൽ പൂർത്തീകരിക്കണമെന്ന് എം.എൽ.എ നിർദേശം നൽകി. ചുണ്ടൻ വള്ളങ്ങൾക്കൊപ്പം പ്രാദേശിക ചെറുവള്ളങ്ങൾ കൂടി ബോട്ട് ലീഗിൽ അണിനിരക്കുന്നതിന് സ്പോൺസർഷിപ് നടപടികൾ വേഗത്തിലാക്കണമെന്നും എം.എൽ.എ പറഞ്ഞു.
വിദേശസഞ്ചാരികൾ ഉൾപ്പെടെയുള്ള കാണികളെ ആകർഷിക്കുന്ന രീതിയിൽ മത്സരങ്ങൾ സംഘടിപ്പിക്കണമെന്ന് കലക്ടർ പറഞ്ഞു. ഇതിന്റെ ഭാഗമായി ഹോട്ടൽ, ഹോംസ്റ്റേ പ്രതിനിധികളുടെ യോഗം ഉടൻ ചേരും.
മത്സരത്തിൽ കുടുംബശ്രീയുടെ ഒരു വള്ളം ഉൾപ്പെടുത്താനുള്ള സാധ്യത കുടുംബശ്രീ ജില്ല മിഷനുമായി ചേർന്ന് പരിശോധിക്കും.
വള്ളംകളിക്ക് മുന്നോടിയായി നാവികസേനയുടെ അഭ്യാസപ്രകടനങ്ങളും വിവിധ സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കുന്നത് സംബന്ധിച്ചും ചർച്ച ചെയ്തു. വീയപുരം ചുണ്ടൻ, നടുഭാഗം ചുണ്ടൻ, മേൽപാടം ചുണ്ടൻ, നിരണം ചുണ്ടൻ, പായിപ്പാടൻ ചുണ്ടൻ, പറമ്പൻ ചുണ്ടൻ, കാരിച്ചാൽ ചുണ്ടൻ, ചെറുതന ചുണ്ടൻ, ചമ്പക്കുളം ചുണ്ടൻ എന്നീ ഒമ്പത് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ കൊച്ചി കായലിനെ ആവേശത്തിലാഴ്ത്താൻ എത്തുന്നത്. കലക്ടറുടെ ക്യാമ്പ് ഓഫിസിൽ ചേർന്ന യോഗത്തിൽ സബ് കലക്ടർ ഗ്രന്ഥേ സായി കൃഷ്ണ, വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജി. ശ്രീകുമാർ, ഇറിഗേഷൻ വകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയർ ബി. അബ്ബാസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

