ചിത്രകാരൻ സി.ബി. ഷിബുവിന്റെ 'ദ ട്രീ'ക്ക് ചൈനീസ് പുരസ്കാരം
text_fieldsസി.ബി. ഷിബു
കൊച്ചി: ചൈനയിലെ 'ചൈന ഡെയ്ലി' ന്യൂസ് പേപ്പറും വുക്സി മുനിസിപ്പൽസ് പീപ്പിൾസ് ഗവൺമെന്റും ചേർന്ന് നടത്തിയ അന്താരാഷ്ട കാർട്ടൂൺ ആൻഡ് ഇല്ലസ്ട്രേഷൻ എക്സിബിഷനിൽ മലയാളി ചിത്രകാരൻ സി.ബി. ഷിബുവിന് പുരസ്കാരം. ഷിബുവിന്റെ 'ദ ട്രീ' എന്ന ചിത്രം സിൽവർ പ്രൈസ് നേടി.
20,000 ചൈനീസ് യുവാനും (രണ്ട് ലക്ഷത്തിലധികം ഇന്ത്യൻ രൂപ) ട്രോഫിയും പ്രശസ്തിപത്രവും പോർട്ട്ഫോളിയോ ബുക്കുമാണ് അവാർഡ്. പേനയും ജലച്ചായവും ഉപയോഗിച്ചാണ് ചിത്രം വരച്ചത്. അവാർഡ് ദാന ചടങ്ങ് ബീജിങ്ങിൽ നടക്കും. 'കുറഞ്ഞ കാർബൺ ജീവിതശൈലി' വിഷയത്തെ അധികരിച്ചായിരുന്നു മത്സരം.
ചിത്രകാരനും കാർട്ടൂണിസ്റ്റുമായ ഷിബു ഹിന്ദുസ്ഥാൻ ടൈംസിന്റെ ദേശീയ അംഗീകാരം രണ്ടുതവണ നേടിയിട്ടുണ്ട്. ചൈനയിൽനിന്ന് സ്പെഷൽ പ്രസ്, സൗത്ത് കൊറിയയിൽനിന്ന് ഓണറബിൾ ബഹുമതി നാലുതവണയും നേടി. ബെൽജിയത്തിൽ നടന്ന നോക്ക് ഫീസ്റ്റ് അന്തർദേശീയ കാർട്ടൂൺ മേളയിൽ രാജ്യത്തെ പ്രതിനിധാനം ചെയ്യാൻ ക്ഷണം ലഭിച്ചിരുന്നു.
2007ൽ തുർക്കിയിൽ നടന്ന അയ്ഡിൻ ഡോഗൺ അന്തർദേശീയ കാർട്ടൂൺ മത്സരത്തിൽ മൂന്നാംസ്ഥാനം എന്നിവയും ലഭിച്ചിട്ടുണ്ട്. തുർക്കി, ജപ്പാൻ, ചൈന, കൊറിയ, ഇറാൻ, പോളണ്ട്, ഇറ്റലി, ഗ്രീസ്, ബെൽജിയം, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. കലാരംഗത്ത അംഗീകാരങ്ങളും നേട്ടങ്ങളും മാനിച്ച് ജില്ല ഭരണകൂടം ഒരു ലക്ഷം രൂപ കാഷ് അവാർഡ് നൽകി ആദരിച്ചിരുന്നു. ഡ്രോയിങ്ങിലും പെയിന്റിങ്ങിലും ഫൈൻ ആർട്ട് ഡിപ്ലോമ നേടിയ ഷിബു ചെറിയപാടത്ത് പരേതനായ സി.എൻ. ബാലന്റെയും ശാന്താമണിയുടെയും മകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

