ഗസ്സയുടെ വ്യഥ പകർത്തി, പ്രകൃതിയുടെ നിറം വരച്ചിട്ട് ‘ക്യാപ്ച’
text_fieldsകൊച്ചി: കലയിലൂടെ പരിസ്ഥിതിയുടെയും പ്രണയത്തിന്റെയും രാഷ്ട്രീയം പറഞ്ഞ് ‘ക്യാപ്ച’ ചിത്ര, ശിൽപ പ്രദർശനം. എറണാകുളം ദർബാർ ഹാൾ ഗാലറിയിലാണ് ഏഴ് സുഹൃത്തുക്കളുടെ സംഘ കലാപ്രദർശനം നടക്കുന്നത്. തൃശൂർ ഗവ. ഫൈൻ ആർട്സ് കോളജിലെ പൂർവവിദ്യാർഥികളായ ബെന്നി പോൾ, റാഫി പ്രചര, പി.ബി. രവീന്ദ്രൻ, എൻ.ബി. ലതാദേവി, ജോമി വർഗീസ്, കെ.ടി. മുരളി, സെലസ് കെ. ബാബു എന്നിവരുടെതാണ് പ്രദർശനം.
ക്യാപ്ചയിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ ഫലസ്തീനിലെ ഗസ്സയിൽ കൊല്ലപ്പെട്ട നൂറുകണക്കിന് പിഞ്ചുകുഞ്ഞുങ്ങളുടെ പ്രതിനിധിയായി ഒരു കുരുന്ന് തൊട്ടിലിൽ മരിച്ചുകിടക്കുന്നതു കാണാം. അവനുചുറ്റും രക്തം ചുരത്തുന്ന ഒട്ടേറെ പാൽക്കുപ്പികളുണ്ട്. ഇസ്രയേൽ പട്ടാളവേഷമൊരുക്കുന്ന തുണിയിലാണ് ആ തൊട്ടിലൊരുക്കിയിട്ടുള്ളത്. കലാപ്രദർശനം ആസ്വദിക്കാനെത്തുന്നവരുടെയെല്ലാം ഉള്ളുനോവിക്കുന്ന ഈ ഇൻസ്റ്റലേഷൻ ഒരുക്കിയിട്ടുള്ളത് കൊടുങ്ങല്ലൂർ സ്വദേശി റാഫി പ്രചരയാണ്. വർത്തമാന ഇന്ത്യയിലെ ഇരട്ടനീതിയെ ചിത്രീകരിക്കുന്നതുൾപ്പടെ നാല് ശിൽപപ്രദർശനങ്ങളും ഇദ്ദേഹത്തിന്റേതായി ഉണ്ട്.
മറ്റാറുപേരുടെയും അക്രിലിക്, ഓയിൽ, ജലഛായ ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. ജോമിയുടെ ചിത്രങ്ങളിൽ മായികലോക കാഴ്ചകളുടെ നിറം തെളിയുമ്പോൾ, വർത്തമാന കാലത്ത് നഷ്ടമാകുന്ന മലനിരകളും കുളിരരുവികളും സസ്യജാലങ്ങളുമുൾപ്പെട്ട പ്രകൃതിയുടെ കാഴ്ചകളാണ് രവീന്ദ്രന്റെ ചിത്രങ്ങളിലെ പ്രധാനവിഷയം. മനുഷ്യജീവിതത്തിന്റെ സങ്കീർണതകളെ പ്രകൃതിയിലൂടെ അവതരിപ്പിക്കുകയാണ് ലതാദേവി.
ഗ്രാമകാഴ്ചകളിലെയും നാടൻ മനുഷ്യരിലെയും തന്മയത്വം കൊണ്ട് ആകർഷിക്കപ്പെടുന്നതാണ് മുരളിയുടെ ചിത്രങ്ങൾ. ഓരോ ചിത്രത്തിലും അനവധി തലങ്ങളും പലവിധ ഭാവങ്ങളും വരച്ചിടുന്നതാണ് സെലസിന്റെ സൃഷ്ടികൾ. സമുദ്രത്തെയും കാടിനെയും കേന്ദ്രീകരിച്ചുള്ള ബെന്നിയുടെ ചിത്രങ്ങളും ശ്രദ്ധേയമാണ്. ടി. കലാധരൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. നന്ദകുമാർ തോട്ടത്തിൽ, എൻ.ബി. ലതാദേവി, റാഫി പ്രചര എന്നിവർ സംസാരിച്ചു. നവംബർ 22 വരെയാണ് പ്രദർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

