പൂട്ടിയിട്ട വീടിന്റെ വാതിൽ കുത്തിപ്പൊളിച്ച് മോഷണം
text_fieldsകിഴക്കമ്പലം: ചേലക്കുളം കാവുങ്ങൽ പറമ്പിൽ പൂട്ടിയിട്ട വീടിന്റെ വാതിൽ കുത്തി പൊളിച്ച് മോഷണം. ചേലക്കുളം കാവുങ്ങൽ പറമ്പ് പറക്കുന്നത്ത് യൂനുസിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ മുൻവശത്തുള്ള വാതിൽ പൊളിച്ചാണ് മോഷ്ടാവ് അകത്തുകയറിയത്.
യൂനുസും കുടുംബവും വിദേശത്താണ് ജോലി ചെയ്യുന്നത്. പിതാവ് അബ്ദുൽ ഖാദർ വ്യാഴാഴ്ച വൈകിട്ട് വീട്ടിൽ ചെന്നപ്പോഴാണ് വീട് കുത്തിത്തുറന്ന വിവരം അറിയുന്നത്. ഉടൻ കുന്നത്തുനാട് പൊലീസിൽ വിവരമറിയിക്കുകയും പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയും ചെയ്തു. ബുധനാഴ്ച രാത്രിയാണ് മോഷണം നടന്നത് എന്നാണ് നിഗമനം.
വീട്ടുപകരണങ്ങളും പാത്രങ്ങളും ഉൾപ്പെടെ ലക്ഷങ്ങൾ വില വരുന്ന സാധനങ്ങൾ കളവ് പോയിട്ടുണ്ട്. വീട്ടിൽ ആൾ താമസം ഇല്ലാത്തതിനാൽ സ്വർണവും പണവും സൂക്ഷിച്ചിരുന്നില്ല. കഴിഞ്ഞ മാസം പറക്കുന്നത്ത് റഹീമിന്റെ വീട്ടിലും മോഷണം നടന്നിരുന്നു. വീട്ടുകാർ ഹജ്ജിന് പോയപ്പോഴായിരുന്നു മോഷണം. 35,000 രൂപ മോഷണം പോയിരുന്നു. തൊട്ടടുത്ത ദിവസങ്ങളിൽ പരിസര പ്രദേശങ്ങളിൽ പല വീടുകളിലും മോഷണശ്രമം നടന്നിരുന്നതായും നാട്ടുകാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

