കൊച്ചി മെട്രോയിൽ ‘വൈബേറും’
text_fieldsകൊച്ചി: നഗര വികസനത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കളമൊരുക്കുന്ന പരിഷ്കരിച്ച കനാല്‍ നവീകരണ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതോടെ കൊച്ചി നേരിടുന്ന നിരവധി പ്രശ്നങ്ങളുടെ പരിഹാരത്തിനൊപ്പം നഗര ഗതാഗതത്തില്‍ മറ്റൊരു പുതിയ മാതൃകക്കും ടൂറിസം വികസനത്തിനും തുടക്കം കുറിക്കുകയാണ് കൊച്ചി മെട്രോ. 3716.10 കോടി രൂപയുടെ ഇന്റഗ്രേറ്റഡ് അര്‍ബന്‍ റീജനറേഷന്‍ ആന്‍ഡ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം പദ്ധതിക്കാണ് സംസ്ഥാന ഗവണ്മെന്റ് ഭരണാനുമതി നല്‍കിയിരിക്കുന്നത്.
ഇതിൽ അതിയായ സന്തോഷമുണ്ടെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ലോക്നാഥ് ബഹ്റ പ്രതികരിച്ചു. പദ്ധതി പൂര്‍ത്തിയാകുന്നതോടെ കനാലുകളിലൂടെയുള്ള ഗതാഗതത്തിനും കനാല്‍ തീരങ്ങളില്‍ വാട്ടര്‍ സ്പോര്‍ട്സ് ഉള്‍പ്പെടയുള്ളവ ഏര്‍പ്പെടുത്തുന്നതിനും നഗര ഗതാഗതത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കുമാണ് കളമൊരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയിലെ കനാല്‍ കാഴ്ചകള്‍ക്ക് ഇനി മുമ്പെങ്ങുമില്ലാത്ത സൗന്ദര്യം ഒരുക്കാനും മഴക്കാലത്ത് ബുദ്ധിമുട്ടിക്കുന്ന വെള്ളക്കെട്ടുകള്‍ക്ക് പരിഹാരം ഉണ്ടാക്കാനും, തീര്‍ത്താലും തീരാത്ത മാലിന്യപ്രശ്നത്തിന് ശാശ്വതമായ അറുതി വരുത്താനും പദ്ധതിക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിനൊപ്പം തന്നെ കൊച്ചിക്ക് പുതിയ ചില ടൂറിസം കേന്ദ്രങ്ങള്‍കൂടി പദ്ധതി പൂര്‍ത്തിയാകുന്നതോടെ ലഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബണ്ട് റോഡ് നിർമാണം പുരോഗമിക്കുന്നു
ചിലവന്നൂര്‍ കനാലിന് സമീപം ബണ്ട് റോഡിന്റെ പുനര്‍നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണെന്നും 90 മീറ്റര്‍ സ്പാനിലാണ് പാലം നിര്‍മാണമെന്നും വെള്ളമൊഴുക്ക് സുഗമമാക്കാന്‍ ഇത് സഹായിക്കുമെന്നും എം.ഡി പറഞ്ഞു. മഴക്കാലത്ത് നഗരത്തിലെ വെള്ളപ്പൊക്കം മുലമുള്ള പ്രശ്നങ്ങള്‍ ലഘൂകരിക്കാനും ഇത് സഹായിക്കും.
ബണ്ട് റോഡ് പാലവും ചിലവന്നൂര്‍ കനാല്‍ നവീകരണവും പൂര്‍ത്തിയാകുന്നതോടെ ഈ മേഖലയുടെ ടൂറിസം സാധ്യതകള്‍ പതിന്മടങ്ങായി വര്‍ധിക്കുമെന്ന് ലോക്നാഥ് ബഹ്റ ചൂണ്ടിക്കാട്ടി. ഇവക്ക് പുറമെയാണ് പദ്ധതിയുടെ ഭാഗമായി വാട്ടര്‍ അതോറിറ്റി മാലിന്യ സംസ്കരണ പ്ലാന്റുകള്‍ സ്ഥാപിക്കുന്നത്. എളംകുളം, വെണ്ണല, പെരണ്ടൂര്‍, മുട്ടാര്‍ എന്നിവിടങ്ങളിലാണ് 1325 കോടി രൂപ മുടക്കി നാല് സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നത്.
സൗന്ദര്യവത്കരിക്കുന്നത് ആറ് കനാലുകൾ
നഗരത്തിലെ ആറുകനാലുകളാണ് ആഴം കൂട്ടി സൗന്ദര്യവല്‍ക്കരിക്കുന്നത്. പെരണ്ടൂര്‍, ചിലവന്നൂര്‍, ഇടപ്പള്ളി, തേവര, കോന്തുരുത്തി, മാര്‍ക്കറ്റ് കനാല്‍ എന്നിവയാണവ. എല്ലാ കനാലുകളും ആഴം കൂട്ടി ചുരുങ്ങിയത് 16.5 മീറ്റര്‍ വീതി ഉറപ്പാക്കും. എല്ലാ കനാലുകളുടെയും ഇരുവശത്തും നടപ്പാതകള്‍ നിര്‍മിച്ച് മനോഹരമാക്കും.
ഇതില്‍ ഇടപ്പള്ളി, ചിലവന്നൂര്‍ കനാലുകളിലാണ് ബോട്ട് സര്‍വിസ് ആരംഭിക്കുക. ഇടപ്പള്ളി കനാല്‍ ഗതാഗതയോഗ്യമാക്കുന്നതോടെ മുട്ടാര്‍ മുതല്‍ ചിത്രപ്പുഴ വരെയുള്ള 11.50 കിലോമീറ്റര്‍ ദൂരത്ത് അരമണിക്കൂര്‍ ഇടവിട്ട് ബോട്ട് സര്‍വിസ് ആരംഭിക്കാനാകും. ഇതിനായി 3.5 മീറ്റര്‍ ഉയരമുള്ള 10 ബോട്ടുകള്‍ വാങ്ങാനാണ് കൊച്ചി മെട്രോ ഉദ്ദേശിക്കുന്നത്. വൈറ്റില-തേവര റൂട്ടില്‍ വാട്ടര്‍ മെട്രോ സര്‍വിസ് തുടങ്ങുമ്പോള്‍ ഗതാഗതയോഗ്യമായ ചിലവന്നൂര്‍ കനാലിലൂടെ കടവന്ത്ര മെട്രോയുമായും ബന്ധിപ്പിക്കാനാകും. ഈ കനാല്‍ തീരത്ത് 2.5 ഏക്കര്‍ സ്ഥലം ഇപ്പോള്‍ പുറമ്പോക്കുണ്ട്.
ഇവിടം സൗന്ദര്യവല്‍ക്കരിച്ച് വാട്ടര്‍സ്പോട്സ് ഉള്‍പ്പെടെയുള്ളവ ഏര്‍പ്പെടുത്താനും പദ്ധതിയുണ്ട്. കൊച്ചിക്ക് മറ്റൊരു മറൈന്‍ഡ്രൈവ് കൂടി കിട്ടാനുള്ള സാഹചര്യമാണ് ഉയര്‍ന്നുവരുന്നത്. ചിലവന്നൂര്‍ കനാല്‍ പരിസരത്ത് മനോഹരമായ നടപ്പാതകള്‍ പണിയുമെന്ന് ലോക്നാഥ് ബെഹ്റ പറഞ്ഞു. വിനോദോപാധികളും ഏര്‍പ്പെടുത്തും. ഇവിടെ താമസിക്കുന്നവര്‍ക്ക് ആരോഗ്യകരമായ ഒരു ജീവിത ശൈലി പിന്തുടരുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ആറ് കനാലുകളുടെ തൽസ്ഥിതി
എല്ലാ കനാലിനും വീതി ചൂരുങ്ങിയത് 16.5 മീറ്ററും ആഴം ചുരുങ്ങിയത് 1.5 മീറ്ററുമാക്കും. നിലവിലെ പല കനാലുകള്‍ക്കും നിശ്ചിത വീതിയുണ്ട്. ആഴമാണ് കുറവ്. ആഴം ഡ്രഡ്ജ് ചെയ്തുകൂട്ടും. അതുപോലെ നിലവിലുള്ള പാലങ്ങളുടെ വീതിയും ഉയരവും കൂട്ടി പുതുക്കി പണിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

