ഗോശ്രീ ഒന്നാംപാലത്തിൽ വീണ്ടും കുഴികൾ
text_fieldsഗോശ്രീ ഒന്നാം പാലത്തിലെ താൽക്കാലിക ടാറിങ് പൊളിഞ്ഞ് വീണ്ടും രൂപപ്പെട്ട കുഴി
കൊച്ചി: സമീപകാലത്ത് താത്കാലികമായി ടാറിങ്ങ് പൂർത്തിയാക്കിയ ഗോശ്രീ ഒന്നാം പാലത്തിലെ ടാർ ഇളകി വീണ്ടും കുഴികൾ രൂപപ്പെട്ടു.രണ്ട് വലിയ കുഴിയും ഒരു ചെറിയ കുഴിയുമാണ് പാലത്തിൽ രൂപപ്പെട്ടിട്ടുള്ളത്. പാലത്തിലെ കുഴികളിലൂടെ കടന്നുപോരുന്നതിന് വാഹനങ്ങൾ വേഗത കുറക്കുന്നതുമൂലം എറണാകുളത്തുനിന്നും വരുന്ന വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെടുന്നുണ്ട്.
വാഹനങ്ങൾ കടത്തിവിടുന്നതിന് ബോൾഗാട്ടി ഭാഗത്ത് വച്ച് എറണാകുളത്തേക്കുള്ള വാഹനങ്ങളെ തടഞ്ഞിടുന്നതും പതിവാകുന്നു. കുഴികൾക്ക് പുറമെ അപ്രോച്ച് റോഡ് കുറേക്കൂടി ഇരുന്നു പോവുകയും ചെയ്തതിനാൽ പ്രദേശത്ത് ഗതാഗതക്കുരുക്ക് രൂക്ഷമായി. നേരത്തെ കേന്ദ്രമന്ത്രി ബോൾഗാട്ടിയിലെ ചടങ്ങിൽ പങ്കെടുക്കാനായി വന്നപ്പോൾ പാലം താത്കാലികമായി ടാർ ചെയ്തത് ഗതാഗതക്കുരുക്കിന് നേരിയ ആശ്വാസമേകിയിരുന്നു.
ഈ ടാറിങ് ആണ് ഇപ്പോൾ തകർന്നു തുടങ്ങിയിരിക്കുന്നത്. കുഴിയടക്കലുകൾ താൽക്കാലിക പരിഹാരം മാത്രമാണെന്നും പ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെങ്കിൽ പാലം വൃത്തിയായി ടാർ ചെയ്യണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.ഇതോടൊപ്പം സമാന്തര പാലം നിർമ്മിക്കാനുള്ള നടപടികൾ കൂടി ഉണ്ടാകണമെന്നും ആവശ്യം ഉയരുന്നുണ്ട്.
രണ്ട് മാസത്തോളം ഗോശ്രി രണ്ടാം പാലത്തിന്റെ സമാന്തര പാലം അറ്റകുറ്റപണിക്കായി അടച്ചിട്ടത് ബോൾഗാട്ടി ജങ്ഷനിൽ വലിയ ഗതാഗത കുരുക്ക് സൃഷ്ടിച്ചിരുന്നു. പാലം തുറന്നത് കുരുക്കിന് നേരിയ ആശ്വാസം നൽകിയെങ്കിലും നിലവിൽ രൂപപ്പെട്ട കുഴികൾ വീണ്ടും അശങ്കയുണ്ടാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

