മൂവാറ്റുപുഴയിൽ രണ്ടിടത്ത് മാല പൊട്ടിക്കൽ: ബൈക്കിൽ ഹെൽമറ്റ് ധരിച്ച് എത്തിയയാൾക്കായി അന്വേഷണം
text_fieldsമൂവാറ്റുപുഴ: ഒരു മണിക്കൂറിനിടെ രണ്ടിടത്ത് സ്ത്രീകളുടെ മാല പൊട്ടിച്ച സംഭവം പരിഭ്രാന്തി പരത്തി. എ.ടി.എമ്മിൽ പണം എടുക്കാനെത്തിയ വീട്ടമ്മയുടെയും ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന അംഗൻവാടി അധ്യാപികയുടെയും മാലയാണ് പൊട്ടിച്ചത്.
ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തെ എ.ടി.എമ്മിൽനിന്ന് വീട്ടമ്മ പണം എടുക്കുന്നതിനിടയിൽ ഇടിച്ചുകയറിയ ഹെൽമറ്റ് ധരിച്ചയാൾ മാല പൊട്ടിച്ച് ബൈക്കിൽ കയറി രക്ഷപ്പെട്ടു. 3.30 ഓടെ വെള്ളൂർക്കുന്നം-തൃക്കറോഡിലെ കലൂർ അപ്പാർട്ട് മെന്റിനു സമീപമായിരുന്നു രണ്ടാമത്തെ സംഭവം.
ബൈക്കിൽ ഹെൽമറ്റ് ധരിച്ച് എത്തിയയാൾ, അംഗൻവാടി അധ്യാപികയായ കടാതി കൊടുങ്ങോട്ടുപറമ്പിൽ ബിന്ദുവിന്റെ മൂന്നു പവനോളം തൂക്കം വരുന്ന മാലയാണ് പൊട്ടിച്ചെടുത്ത് രക്ഷപ്പെട്ടത്. ജനവാസ മേഖലയിൽ രണ്ടു കിലോമീറ്റർ പരിധിയിലാണ് രണ്ടു സംഭവങ്ങളും. ഇരുവരുടെയും പരാതിയെ തുടർന്ന് പൊലീസ് പ്രതിക്കായി അന്വേഷണം തുടങ്ങി. ദിവസങ്ങളായി തൃക്ക റോഡിലെ ആളൊഴിഞ്ഞ ഭാഗത്ത് ബൈക്കിൽ ഹെൽമറ്റ് ധരിച്ച് ചിലർ ആരെയൊ കാത്തുനിൽക്കുന്ന രീതിയിൽ നിൽക്കുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. വൈകീട്ടാണ് പല സമയങ്ങളിലായി ഇങ്ങനെ ആളുകളെ കാണുന്നത്.
പരാതി ഗൗനിക്കാതെ പൊലീസ്
മാല പൊട്ടിക്കൽ സംഭവത്തിൽ സ്ത്രീയുടെ പരാതി പൊലീസ് കാര്യമാക്കിയില്ലെന്ന് ആരോപണം. എ.ടി.എമ്മിലെ സംഭവത്തിന് പിന്നാലെ മാല നഷ്ടപ്പെട്ട സ്ത്രീ പരാതിയുമായി സ്റ്റേഷനിൽ എത്തിയെങ്കിലും മാല മുക്കുപണ്ടമാണെന്ന കാരണത്താൽ ഗൗനിച്ചില്ല. എ.ടി.എമ്മിൽ വച്ചുണ്ടായ സംഭവമായതിനാലാണ് വീട്ടമ്മ പരാതിയുമായി എത്തിയത്.
ഇത് സംഭവിച്ച് മുക്കാൽ മണിക്കൂർ കഴിയും മുമ്പ് തൃക്ക റോഡിൽ രണ്ടാമത്തെ മാല പൊട്ടിക്കലും നടന്നു. ആദ്യസംഭവം നടന്ന് മിനിറ്റുകൾ മാത്രം കഴിയുംമുമ്പ് എത്തിയ പരാതിക്ക് പിറകെ പോകാതിരുന്നതാണ് വീഴ്ചയായത്. രണ്ടാമ ത്തെ സംഭവത്തോടെ ഉണർന്നുപ്രവർത്തിച്ച പൊലീസ്, തൃക്കറോഡിലെയും വെള്ളൂർക്കുന്നത്തേയും സി.സി ടി.വികൾ അടക്കം പരിശോധിച്ച് പ്രതിക്കായി വ്യാപക തിരച്ചിൽ നടത്തി. കെ.എസ്.ആർ.ടി.സിക്ക് സമീപവും മറ്റും കാര്യമായ പരിശോധനകൾ നടന്നു. പ്രതി രക്ഷപ്പെട്ടെന്ന് കരുതുന്ന സ്ഥലങ്ങളിലും അന്വേഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

