ബ്രഹ്മപുരം: ബയോ മൈനിങ്ങിനായി പുതിയ കമ്പനിക്ക് കരാർ നൽകും
text_fieldsകൊച്ചി: ബ്രഹ്മപുരത്ത് ബയോ മൈനിങ് നടത്താൻ പുണെ ആസ്ഥാനമായ ഭൂമി ഗ്രീൻ എനർജി കമ്പനിക്ക് കരാർ നൽകും. ഇതിന് കൊച്ചി കോർപറേഷൻ ആരോഗ്യ സ്ഥിരംസമിതി അനുമതി നൽകി. ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ കെട്ടിക്കിടക്കുന്ന മാലിന്യം ബയോ മൈനിങ്ങിലൂടെ നീക്കംചെയ്യാനാണ് കരാർ നൽകുന്നത്.
ഇതിനായി ടണ്ണിന് 1680 രൂപ നിരക്കിൽ 118 കോടി ചെലവ് വരുമെന്നാണ് പ്രതീക്ഷ. കോർപറേഷൻ വക ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ ഏഴുലക്ഷം ടൺ മാലിന്യം കെട്ടിക്കിടക്കുന്നുണ്ടെന്നാണ് കണക്ക്. ബയോ മൈനിങ്ങിനായി ടെൻഡർ വിളിച്ചതിൽ രണ്ട് കമ്പനികളാണ് യോഗ്യത നേടിയത്.
പുണെ കമ്പനിക്ക് പുറമേ ചെന്നൈ കമ്പനിയായിരുന്നു മറ്റൊന്ന്. എന്നാൽ, ഇവർ ഉയർന്ന തുക ക്വാട്ട് ചെയ്തതോടെയാണ് പുണെ കമ്പനിയിലേക്ക് കരാർ എത്തുന്നത്. ആരോഗ്യസ്ഥിരം സമിതിയുടെ തീരുമാനത്തിന് കോർപറേഷൻ കൗൺസിൽ അനുമതി നൽകിയ ശേഷമാകും ധാരണപത്രം ഒപ്പിടൽ.
16 മാസം കൊണ്ട് ബയോ മൈനിങ് പൂർത്തീകരിക്കണമെന്നാണ് നിലവിലുള്ള ധാരണ. ബയോ മൈനിങ് നടത്താനായി നേരത്തേ സോണ്ട ഇൻഫ്രാടെക്കുമായായിരുന്നു കരാർ. എന്നാൽ, ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ഇവരുമായുള്ള കരാർ റദ്ദാക്കുകയായിരുന്നു.

