ബ്രഹ്മപുരം പാലം: തിങ്കളാഴ്ച മുതൽ സമരം ശക്തമാകും
text_fieldsകാക്കനാട്: ബദൽ യാത്രാസൗകര്യങ്ങൾ ഒരുക്കാതെ ബ്രഹ്മപുരം പാലം പൊളിക്കുന്നതിനെതിരെ നടക്കുന്ന സമരം ശക്തമാക്കാൻ യു.ഡി.എഫ്. പൊതുമരാമത്ത് മന്ത്രി, ചീഫ് സെക്രട്ടറി, കലക്ടർ അടക്കമുള്ളവർക്ക് നിവേദനം നൽകി നാളുകളായിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് സമരസമിതി തീരുമാനം.
തിങ്കളാഴ്ച മുതൽ യു.ഡി.എഫ് സഖ്യകക്ഷികളുടെ നേതൃത്വത്തിൽ ഒരാഴ്ച ധർണ ശക്തമായി തുടരാനും രണ്ടു മണ്ഡലത്തിലെയും പ്രധാന സ്ഥലങ്ങളിൽ വിശദീകരണ യോഗം സംഘടിപ്പിക്കാനും ധാരണയായി.
ഡിസംബർ ഒന്നിന് യു.ഡി.എഫ് സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ മനുഷ്യമതിൽ തീർത്ത്, അധികാരികളുടെ ഭാഗത്തുനിന്ന് അനുകൂല നടപടികൾ ഉണ്ടാകുന്നതുവരെ, സമരം ശക്തമായ രീതിയിൽ തുടരാനാണ് തീരുമാനം.യോഗത്തിൽ സമരസമിതി ചെയർമാനും മുൻ എം.എൽ.എയുമായ വി.പി. സജീന്ദ്രൻ അധ്യക്ഷത വഹിച്ചു.ഉമ തോമസ് എം.എൽ.എ, സമരസമിതി ജനറൽ കൺവീനർ എം.എസ്. അനിൽകുമാർ, യു.ഡി.എഫ് നേതാക്കളായ പി.കെ. ജലീൽ, എം.പി. യൂനസ്, കെ.കെ, മീതിയൻ, പി.എം. കരീം, സി.വി. വർഗീസ്, എം.ബി. സലിം, എം.ബി. ഓമനക്കുട്ടൻ, വി.പി. പങ്കജാക്ഷൻ, പി.പി. അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു.