ഹിംസാത്മക ദേശീയതക്കെതിരെ ശബ്ദമുയർത്തണം -ഫ്രറ്റേണിറ്റി മൂവ്മെൻറ്
text_fieldsഫ്രറ്റേണിറ്റി മൂവ്മെന്റ് കൊച്ചിയിൽ സംഘടിപ്പിച്ച ‘മിഡ്നൈറ്റ്സ് ബോർഡേഴ്സ്: എ പീപ്പിൾസ് ഹിസ്റ്ററി ഓഫ് മോഡേൺ ഇന്ത്യ’ പുസ്തക ചർച്ചയിൽ എഴുത്തുകാരി സുചിത്ര വിജയൻ സംസാരിക്കുന്നു. കേന്ദ്ര കമ്മിറ്റി അംഗം ഫായിസ സമീപം
കൊച്ചി: പൗരത്വംപോലും റദ്ദാക്കുന്ന ഹിംസാത്മക ദേശീയതക്കെതിരെ ശബ്ദമുയർത്തണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ് സംഘടിപ്പിച്ച പുസ്തകചർച്ച ആവശ്യപ്പെട്ടു. ഏഴുവർഷം കൊണ്ട് ഒമ്പതിനായിരം മൈൽ ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളിലൂടെ യാത്രചെയ്ത് സുചിത്ര വിജയൻ രചിച്ച 'മിഡ്നൈറ്റ്സ് ബോഡേഴ്സ്: എ പീപ്പിൾസ് ഹിസ്റ്ററി ഓഫ് മോഡേൺ ഇന്ത്യ' പുസ്തകമാണ് ചർച്ച ചെയ്തത്. ലോകത്ത് നടക്കുന്ന പൗരത്വ നിഷേധങ്ങൾ ആധുനിക ഭരണകൂടങ്ങളുടെ നിർമിതിയാണെന്ന് ചർച്ചയിൽ സുചിത്ര വിജയൻ പറഞ്ഞു. അതിനാൽ രാഷ്ട്രീയ പരിഹാരങ്ങൾ തന്നെയാണ് പരിഹാരമെന്നും അവർ സൂചിപ്പിച്ചു. കേവലം അനുഭവങ്ങൾ പങ്കുവെക്കുന്നതിനപ്പുറം ദേശീയത, പൗരത്വം, അതിർത്തി എന്നിവയുമായി ബന്ധപ്പെട്ട രാഷ്ട്രീയം തീക്ഷ്ണമായി ഈ പുസ്തകം വരച്ചുകാണിക്കുന്നുണ്ടെന്ന് ചർച്ചയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. വംശീയത, ജാതീയത, ഇസ്ലാമോഫോബിയ, ഭരണകൂട അടിച്ചമർത്തലുകൾ എന്നിവയുമായി ബന്ധപ്പെട്ട് ശക്തമായ ഇടപെടലുകൾ നടത്തുന്ന ന്യൂയോർക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന 'ദ പൊലീസ് പ്രോജക്ട്' സ്ഥാപനത്തിന്റെ സ്ഥാപകയും ഡയറക്ടറുമായ സുചിത്ര ഫോട്ടോഗ്രഫി അവാർഡ് ജേതാവ് കൂടിയാണ്.
ഫ്രറ്റേണിറ്റി മൂവ്മെൻറ് കേന്ദ്ര കമ്മിറ്റി അംഗം സി.എ. ഫായിസ ചർച്ച നയിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അർച്ചന പ്രജിത്ത്, പി.കെ. നുജൈം, മുഫീദ് കൊച്ചി എന്നിവർ സംസാരിച്ചു.