ട്രോളിങ് നിരോധനം ബോട്ടുകൾ തിരിച്ചെത്തി; തീരത്ത് ഇനി വറുതിക്കാലം
text_fieldsസംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് തുടങ്ങാനിരിക്കെ ബോട്ടിലെ അറയിലേക്ക് വല മാറ്റുന്ന മത്സ്യത്തൊഴിലാളികൾ. പ്രജനനകാലയളവിൽ മത്സ്യസമ്പത്ത് സംരക്ഷിക്കാനാണ് നിരോധനം ഏർപ്പെടുത്തുന്നത്. വൈപ്പിൻ കാളമുക്ക് ഹാർബറിൽനിന്നുള്ള ദൃശ്യം - രതീഷ് ഭാസ്കർ
മട്ടാഞ്ചേരി: 52 ദിവസം നീണ്ടു നിൽക്കുന്ന മൺസൂൺ ട്രോളിങ് നിരോധനം ചൊവ്വാഴ്ച അർധരാത്രി മുതൽ പ്രാബല്യത്തിൽ. നിരോധനത്തെ തുടർന്ന് മത്സ്യ ബന്ധന ബോട്ടുകളെല്ലാം കടലിൽ നിന്ന് മടങ്ങിയെത്തിയിട്ടുണ്ട്. തീരമേഖലയിൽ ഇനി വറുതിയുടെ നാളുകളാണ്. ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്കും പരമ്പരാഗത യാനങ്ങള്‍ക്കും ട്രോളിങ് നിരോധന കാലയളവിൽ മത്സ്യബന്ധനം നടത്താമെങ്കിലും ബോട്ടുകളില്‍ പണിയെടുക്കുന്ന തൊഴിലാളികളും കുടുംബങ്ങൾക്കും പട്ടിണിയുടെ ദിനങ്ങളായിരിക്കും.
തൊഴിലാളികൾ ആശങ്കയിൽ
ഫിഷറീസ് ഹാര്‍ബറുകൾ നിശ്ചലമാകുന്നതോടെ അനുബന്ധ മേഖലയിലെ തൊഴിലാളികളും പട്ടിണിയിലാകും. പതിനായിരക്കണക്കിന് കുടുംബങ്ങളാണ് കൊച്ചി ഹാർബർ ആശ്രയിച്ച് കഴിയുന്നത്. ഇതിനു പുറമെ കൊച്ചി മേഖലയിലെ ചെറിയ പെട്ടി കടകൾ മുതൽ വലിയ സ്ഥാപനങ്ങളുടെ വരെ കച്ചവടത്തെ ഇത് വലിയ തോതിൽ ബാധിക്കും .വിദ്യാലയങ്ങൾ തുറന്നതോടെ കുട്ടികളുടെ പഠന ഉപകരണങ്ങൾ അടക്കമുള്ള വിദ്യഭ്യാസ ചെലവിന്റെ സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു തൊഴിലാളികൾ. കോളജുകളിലും മറ്റും പ്രവേശന നടപടികൾ ആരംഭിക്കുന്നതോടെ അതിനുള്ള സാമ്പത്തിക നെട്ടോട്ടത്തിലുമായിരിക്കും രക്ഷിതാക്കളായ തൊഴിലാളികൾ. വട്ടി പലിശക്കാരുടെ ചാകര കാലം കൂടിയാണ് ട്രോളിങ് നിരോധന കാലം.
ഇതര സംസ്ഥാന ബോട്ടുകൾ തീരം വിട്ടു
ഇതര സംസ്ഥാന ബോട്ടുകള്‍ തീരം വിട്ട് പോകണമെന്ന ഫിഷറീസ് അധികൃതരുടെ മുന്നറിയിപ്പിനെ തുടർന്ന് ബോട്ടുകൾ ഇതിനകം മടങ്ങിക്കഴിഞ്ഞു. ട്രോളിങ് നിരോധനത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ബോട്ടുകള്‍ പലതും യാര്‍ഡുകളില്‍ കയറ്റി തുടങ്ങി. ബോട്ടുകളെ സംബന്ധിച്ച് ട്രോളിങ് നിരോധന കാലയളവ് അറ്റകുറ്റപണികളുടെ കാലം കൂടിയാണ്. ട്രോളിങ് നിരോധനം നിലവില്‍ വന്നാല്‍ യാര്‍ഡുകളിലേക്കും മറ്റും ബോട്ടുകള്‍ കൊണ്ട് പോകണമെങ്കില്‍ ഫിഷറീസ് വകുപ്പിന്‍റെ അനുമതി വാങ്ങണം. തീര മേഖലയിലെ സ്വകാര്യ പെട്രോള്‍ പമ്പുകള്‍ അടച്ച് പൂട്ടാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. നീണ്ടകര, കൊച്ചി, ബേപ്പൂർ, മത്സ്യ ബന്ധന ഹാർബർ മേഖലകൾ കേന്ദ്രീകരിച്ച് ഏതാണ്ട് നാലായിരത്തോളം ബോട്ടുകളും അയ്യായിരത്തോളം ഇൻ ബോർഡ് വള്ളങ്ങളുമാണ് പ്രവർത്തിക്കുന്നത്.
പട്രോളിങ് ശക്തമാക്കാൻ കോസ്റ്റൽ പൊലീസ്
കൊച്ചി മേഖല ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് 1750 ഓളം ബോട്ടുകളാണുള്ളത്. കോസ്റ്റല്‍ പൊലിസ് അഴിമുഖത്ത് പെട്രോളിങ് ശക്തമാക്കുവാനുള്ള ഒരുക്കത്തിലാണ്. ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് ഇന്ധനം നിറക്കുന്നതിനായി മത്സ്യ ഫെഡ് പമ്പുകള്‍ക്ക് പുറമേ തെരഞ്ഞെടുത്ത പമ്പുകളും ഉപയോഗിക്കാം. ചെറു മത്സ്യങ്ങളെ പിടിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുവാനും തീരുമാനമുണ്ട്. പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകുമ്പോള്‍ ബയോ മെട്രിക് ഐഡി കാര്‍ഡ് കയ്യില്‍ കരുതണം.
കടലിലുണ്ടാകുന്ന അപകടങ്ങള്‍ നേരിടാന്‍ രണ്ട് പെട്രോളിങ് ബോട്ടുകളും വൈപ്പിന്‍ ഫിഷറീസ് സ്റ്റേഷനില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോല്‍ റൂമും തയ്യാറാക്കിയിട്ടുണ്ട്. കോസ്റ്റ്ഗാര്‍ഡിന്‍റെ കപ്പലും ഹെലികോപ്റ്ററും രക്ഷാപ്രവര്‍ത്തനത്തിനും പെട്രോളിങ്ങിനുമായി രംഗത്തുണ്ടാകും. വൈപ്പിൻ കേന്ദ്രീകരിച്ച് മറൈൻ ആംബുലൻസ് പ്രവർത്തിക്കും. ജൂലൈ 31 വരെയാണ് നിരോധനം. പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് ഇന്ധനം നൽകുന്നതിന് മത്സ്യഫെഡ് ഡീസൽ ബങ്കുകൾ പ്രവർത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

