കൊച്ചിയുടെ ബോട്ട് നിർമാണപ്പെരുമ കടൽ കടക്കുന്നു
text_fieldsഇടക്കൊച്ചി യാർഡിൽ നിർമിച്ച ബോട്ട് കപ്പലിലേക്ക് കയറ്റാൻ കൊണ്ടുപോകുന്നു
പള്ളുരുത്തി: കൊച്ചിയുടെ കപ്പൽ നിർമ്മാണ പെരുമക്ക് വീണ്ടും ലോക പ്രശസ്തിയേറുന്നു. ഇക്കുറി ബോട്ടുകൾ തേടിയാണ് വിദേശികളുടെ വരവ്. പത്തൊമ്പതാം നൂറ്റാണ്ടിൽ ലോകത്തെ തന്നെ പ്രധാന കപ്പൽ നിർമ്മാണ കേന്ദ്രങ്ങളിൽ ഒന്ന് ഫോർട്ട് കൊച്ചിയായിരുന്നു. തേക്കിൻ തടികൾ കൊണ്ട് നിർമ്മിച്ചിരുന്ന കൊച്ചിയിലെ കപ്പലുകൾക്ക് ഈടും, ഉറപ്പും ഏറെയായിരുന്നു. വിലയും താരതമേന്യ കുറവായിരുന്നു.
ദീർഘനാൾ നീണ്ടു നിൽക്കുന്നുവെന്നു മാത്രമല്ല അപകട രഹിതയാത്രയിലും കൊച്ചിയിലെ നിർമ്മാണ ശൈലി ലോക ശ്രദ്ധ ആകർഷിച്ചിരുന്നു. ഇതായിരുന്നു ലോക വിപണിയിൽ കൊച്ചിയിൽ നിർമ്മിക്കുന്ന കപ്പലുകൾക്ക് പ്രിയം കൂട്ടിയിരുന്നത്. ബ്രിട്ടിഷ് ഭരണകാലത്ത് കപ്പലിന്റെ നിർമ്മാണ പെരുമയിൽ കലിപൂണ്ട് കൊച്ചിയിൽ നിർമ്മിച്ച 5000 ടൺ കേവു ഭാരമുള്ള ചന്ദ്ര ഭാനു എന്ന കപ്പലിനെതിരെ ബ്രിട്ടീഷുകാർ കേസ് കൊടുക്കുകയും, പിടിച്ചു കെട്ടുകയും പിന്നീട് ഗ്രേറ്റ് കൊച്ചിൻ ഫയർ എന്ന തീപിടുത്ത സംഭവത്തിന് ഇടയായതും മലയാളികൾക്ക് മറക്കാനാവില്ല.
പിൽകാലത്ത് കൊച്ചിയുടെ കപ്പൽ പെരുമ നഷ്ടപ്പെട്ടെങ്കിലും വീണ്ടും കൊച്ചിയിൽ നിർമ്മിക്കുന്ന ബോട്ടുകൾ ലോക പ്രിയമേറുകയാണ്. ഇംഗ്ലീഷ് ചാനൽ യാത്രയ്ക്ക് യു.കെ സ്വദേശി ജോൺ നിക്കും, ഭാര്യ ആനും ബോട്ട് തേടിയെത്തിയത് കൊച്ചിയിലാണ്. ലണ്ടനിൽ സ്വന്തമായി ബോട്ട് യാർഡ് ഉണ്ടായിരുന്ന ജോൺ ചിലവ് കുറഞ്ഞ ബോട്ട് നിർമ്മിക്കാൻ കൊച്ചിയാണ് നല്ലതെന്ന തീരുമാനത്തിലാണ് ഇവിടെയെത്തിയത്.
കൊച്ചിയിൽ നിർമ്മിച്ച അത്യാധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തിയ ബോട്ട് വെള്ളിയാഴ്ച കപ്പൽ മാർഗം ലണ്ടനിലേക്കയച്ചു. ഒരു മാസത്തിനകം ബോട്ട് ലണ്ടനിൽ എത്തും. യാർഡിലെ തൊഴിലാളികൾക്ക് നിർദ്ദേശങ്ങൾ കൊടുത്തും മറ്റും ജോൺ മലയാളം പഠിച്ചു എന്നതാണ് മറ്റൊരു പ്രത്യേകത. കൊച്ചിയുടെ ബോട്ട് യാർഡുകളിൽ വിദേശങ്ങളിൽ നിന്നുള്ള അന്വേഷണങ്ങൾ നിരന്തരം വരുന്നുണ്ടെന്നാണ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

