ബാങ്ക് വായ്പയുടെ പേരിൽ 25 ലക്ഷം തട്ടിയ ബിഹാർ സ്വദേശി പിടിയിൽ
text_fieldsകിഴക്കമ്പലം: ബാങ്ക് വായ്പ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് മുതിർന്ന പൗരനിൽനിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. ബീഹാർ നളന്ദ സ്വദേശി വിശാൽ കുമാറിനെയാണ് (21) തടിയിട്ടപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. കിഴക്കമ്പലം സ്വദേശിക്കാണ് പണം നഷ്ടമായത്. സമൂഹമാധ്യമത്തിലൂടെയാണ് തട്ടിപ്പ് സംഘത്തെ പരിചയപ്പെടുന്നത്.
ദേശസാൽകൃത ബാങ്കിൽനിന്ന് 50 ലക്ഷത്തിന്റെ വായ്പ തരപ്പെടുത്താമെന്നായിരുന്നു വാഗ്ദാനം. പ്രോസസിങ് ഫീ, ഇൻഷുറൻസ്, ബാങ്കിലെ നിയമങ്ങൾ മാറിയതിന്റെ ഫീ എന്നിങ്ങനെ ഓരോ കാരണങ്ങൾ പറഞ്ഞ് പണം വാങ്ങുകയായിരുന്നു. പിന്നീട് പണം വാങ്ങിയവരെക്കുറിച്ച് ഒരു വിവരവുമുണ്ടായില്ല. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.
ജില്ല പൊലീസ് മേധാവി എം. ഹേമലതയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ നളന്ദയിലെ ഒറ്റപ്പെട്ട ഗ്രാമത്തിൽ പ്രതികളിലൊരാൾ ഉണ്ടെന്ന് മനസ്സിലാക്കി. തുടർന്ന് വേഷം മാറി ദിവസങ്ങളോളം അവിടെ താമസിച്ചാണ് സാഹസികമായി പിടികൂടി ഇയാളെ നാട്ടിലെത്തിച്ചത്.
നിരവധി പേർക്ക് ഇത്തരത്തിൽ പണം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. എ.എസ്.പി ശക്തി സിങ് ആര്യ, ഇൻസ്പെക്ടർ പി.ജെ. കുര്യാക്കോസ്, എസ്.ഐ എൻ.കെ. ജേക്കബ്, സീനിയർ സി.പി.ഒമാരായ കെ.കെ. ഷിബു, മിഥുൻ മോഹൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

