ഭൂതത്താൻകെട്ട് ജലവൈദ്യുതി പദ്ധതി ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കും
text_fieldsഭൂതത്താൻകെട്ട് ജലവൈദ്യുതി പദ്ധതി പ്രദേശം വൈദ്യുതി മന്ത്രി സണ്ണി ജോസഫ് സന്ദർശിക്കുന്നു
കോതമംഗലം: പത്ത് വർഷമായി മുടങ്ങിക്കിടക്കുന്ന ഭൂതത്താൻകെട്ട് ജലവൈദ്യുതി പദ്ധതി ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കി പ്രവർത്തന സജ്ജമാക്കുകയാണ് ലക്ഷ്യമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. സംസ്ഥാനത്ത് വൈദ്യുതി ഉൽപാദനം ഏറെ പ്രാധാന്യമർഹിക്കുന്ന സാഹചര്യത്തിൽ പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ സർക്കാർ ഗൗരവമായ ഇടപെടൽ നടത്തും ഭൂതത്താൻകെട്ട് ജലവൈദ്യുതി പദ്ധതി പ്രദേശവും ഇടമലയാർ അണക്കെട്ടും സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
പദ്ധതിയുമായി ബന്ധപ്പെട്ട് കരാറുകാരനുമായുണ്ടായിരുന്ന നിയമ തർക്കത്തിൽ ഹൈക്കോടതി വൈദ്യുതി ബോർഡിന് അനുകൂലമായി വിധി പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനെതിരെ കരാറുകാരൻ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയെങ്കിലും അത് പരിഗണനയ്ക്ക് സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ അവശേഷിക്കുന്ന പ്രവൃത്തികൾ പൂർത്തിയാക്കുന്നതിനായി വീണ്ടും ടെൻഡർ വിളിച്ച് നിർമാണം പുനരാരംഭിക്കും. ഒരു വർഷത്തിനുള്ളിൽ പദ്ധതി പ്രവർത്തനക്ഷമമാക്കാനാണ് ലക്ഷ്യമിടുന്നത്. ഷിബു തെക്കുംപുറം എം.എൽ.എ നിയമസഭയിലുൾപ്പെടെ നടത്തിയ നിരന്തര ഇടപെടലുകളാണ് പദ്ധതി പ്രദേശം സന്ദർശിക്കുന്നതിന് ഇടയാക്കിയത്. ഇടമലയാർ അണക്കെട്ട് സന്ദർശിച്ച ശേഷമാണ് മന്ത്രി ഭൂതത്താൻകെട്ടിലെത്തിയത്.
ഇടമലയാറിൽ വലിയ ടൂറിസം സാധ്യത -മന്ത്രി
ഇടമലയാർ അണക്കെട്ടിനും പരിസരപ്രദേശങ്ങൾക്കും വിനോദസഞ്ചാര രംഗത്ത് വലിയ സാധ്യതകളുണ്ട്. അണക്കെട്ടും അനുബന്ധ പ്രദേശങ്ങളും ഫെസ്റ്റിവൽ സമയങ്ങളിൽ സന്ദർശകർക്കായി തുറന്നു കൊടുക്കുന്നതിനുള്ള സാധ്യതകൾ ഗൗരവമായി പരിശോധിക്കും. അണക്കെട്ടിന്റെ സുരക്ഷയും മറ്റ് സാങ്കേതിക വശങ്ങളും പരിഗണിച്ച് വിനോദസഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനാണ് ലക്ഷ്യമിടുന്നത്.
അതോടൊപ്പം അണക്കെട്ടിന്റെ സംഭരണശേഷി പരമാവധി പ്രയോജനപ്പെടുത്തുന്നതിനും കൂടുതൽ ജലം സംഭരിക്കുന്നതിനും ലഭ്യതയ്ക്കനുസരിച്ച് ജലസമ്പത്ത് ഫലപ്രദമായി വിനിയോഗിക്കുന്നതിനുമുള്ള സാധ്യതകളും പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ഡീൻ കുര്യാക്കോസ് എം.പി, വൈദ്യുതി ബോർഡ് ഡയറക്ടർമാർ, ചീഫ് എൻജിനീയർമാർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. പദ്ധതിയുടെ നിലവിലെ സ്ഥിതിയും പൂർത്തിയാക്കാനുള്ള പ്രവൃത്തികളും തുടർ നടപടികളും സംഘം വിലയിരുത്തി.

