മറുനാടൻ ഇലയിൽ സദ്യ വിളമ്പാം...
text_fieldsഎറണാകുളം മാർക്കറ്റിലെ ഇല വിൽപന കടയിൽ നിന്ന്
കൊച്ചി: ഓണസദ്യ കഴിക്കണമെങ്കിൽ വാഴയിലയിൽതന്നെ കഴിക്കണം, എന്നാലേ സദ്യ ശരിക്കും സദ്യയാവൂ എന്നാണ് മലയാളികളുടെ വിശ്വാസം. സദ്യ ഒരുക്കാനുള്ള പച്ചക്കറിയും അരിയും മാത്രമല്ല, വിളമ്പാനുള്ള ഇലയും തമിഴ്നാട്ടിൽനിന്ന് വരണമെന്നു മാത്രം.
ഓണക്കാലമടുത്തതോടെ എറണാകുളം മാർക്കറ്റിലുൾപ്പെടെ പച്ചക്കറി കച്ചവടത്തിനൊപ്പം വാഴയില വ്യാപാരവും പൊടിപൊടിക്കുകയാണ്. അത്തം നാളിനുമുമ്പ് മൂന്നുരൂപ മാത്രമുണ്ടായിരുന്ന വാഴയിലക്ക് ഇപ്പോൾ പത്തുരൂപ വരെ കൊടുക്കണം. എറണാകുളം മാർക്കറ്റിലാണ് ഒരിലക്ക് 10 രൂപ നൽകേണ്ടത്. ചിലയിടങ്ങളിൽ അഞ്ചുരൂപ മുതലാണ് ഈടാക്കുന്നത്. ഉത്രാടത്തിനും തിരുവോണത്തിനും ഇല വില ഇനിയും കൂടാനിടയുണ്ട്.
കേരളത്തിൽ വാഴകൃഷി കുറവായതിനാൽ തമിഴ്നാട്ടിലെ കോയമ്പത്തൂർ, തെങ്കാശി, തൂത്തുക്കുടി, തിരുനെൽവേലി തുടങ്ങിയ മേഖലകളിൽനിന്നാണ് പ്രധാനമായും നാക്കില വരുന്നത്. നാട്ടിലെ ഇലകളിൽനിന്ന് വ്യത്യസ്തമായി കൂടുതൽ മേന്മയും മൃദുലതയുമുണ്ടെന്നതാണ് മറുനാടൻ ഇലയുടെ പ്രത്യേകത. വീട്ടുകാർ മാത്രമല്ല, ഹോട്ടലുകാരും കാറ്ററിങ്ങുകാരും വാഴയില കെട്ടുകണക്കിന് വാങ്ങുന്നുണ്ട്. ഓഫിസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കൂട്ടായ്മകളിലും സംഘടനകളിലുമെല്ലാം ഓണാഘോഷം സജീവമായതോടെ വാഴയില വിൽപനയും പൊടിപൊടിക്കുകയാണ്.
100 ഇലകളുള്ള മുഴുവൻകെട്ടിന് നിലവിൽ 2,500-3,500 രൂപ വരെ നൽകണം. നേരത്തെ 1,000 രൂപക്കാണ് കിട്ടിക്കൊണ്ടിരുന്നത്. ഓണക്കാലത്ത് ഇലയുടെ വിലവർധനവ് പതിവാണെന്ന് വ്യാപാരികൾ പറയുന്നു. ‘‘അത്തംനാൾ വരെ വലിയ ആവശ്യമില്ലാത്തതിനാൽ മൂന്നോ നാലോ രൂപക്ക് കിട്ടുന്ന സാധനമാണ് ഇല, എന്നാൽ, ഓണമെത്തുമ്പോൾ ആവശ്യം കൂടുന്നതിനനുസരിച്ച് വിലയും കൂടും. തിരുവോണം കഴിഞ്ഞാലുടൻ വിലയും കുറയും’’ -എറണാകുളം മാർക്കറ്റിൽ ഏറെക്കാലമായി ഇലക്കച്ചവടം നടത്തുന്ന ബിനു പത്മനാഭൻ പറഞ്ഞു.
ഇന്നാണേ, ഉത്രാടപ്പാച്ചിൽ...
തിരുവോണത്തലേന്ന് തിരക്കുപിടിച്ചോടി വീട്ടിലേക്കുവേണ്ട സാധനങ്ങളെല്ലാം വാങ്ങുന്ന ദിവസം ഇന്നാണ്. തിരുവോണത്തിന് സദ്യവട്ടങ്ങളും ഓണക്കോടിയും വാങ്ങാത്തവർക്ക് ഇതെല്ലാം വാങ്ങാനുള്ള ദിവസം. ഉത്രാടനാളില് വിപണി രാത്രി വൈകുംവരെ സജീവമാകും. പച്ചക്കറി-പലവ്യഞ്ജന-തുണിക്കടകളിൽനിന്ന് തിരിയാനാവാത്ത തിരക്കുള്ള ദിനം.
എറണാകുളം നഗരത്തിൽ ബ്രോഡ് വേ, എറണാകുളം മാർക്കറ്റ് എന്നിവയാണ് പ്രധാനമായും ഉത്രാടത്തിരക്കിൽ മുങ്ങുക. കൂടാതെ വൻകിട വസ്ത്രാലയങ്ങൾ, ഷോപ്പിങ് മാളുകൾ എന്നിവിടങ്ങളിലെല്ലാം വ്യാഴാഴ്ച നിന്നുതിരിയാനിടമില്ലാത്ത തിരക്കായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

