പായൽ നിറഞ്ഞ് കായൽ; വെട്ടിലായി മത്സ്യത്തൊഴിലാളികൾ
text_fieldsപെരുമ്പടപ്പ് കായലിൽ പായൽ നിറഞ്ഞതോടെ പ്രതിസന്ധിയിലായ ചീനവലകൾ
പള്ളുരുത്തി: കായലുകൾ പൂർണമായും പോള പായൽ നിറഞ്ഞതോടെ മീൻ പിടിക്കാൻ ഇടമില്ലാത്ത അവസ്ഥയിലാണ് പരമ്പരാഗത മത്സ്യതൊഴിലാളികൾ. കായലുകളുടെ ഉപരിതലത്തിൽ നല്ല കനത്തിൽ പോള പായലുകൾ നിറഞ്ഞതോടെ വലകൾ വെള്ളത്തിലേക്ക് താഴ്ത്തുവാൻ കഴിയാത്ത അവസ്ഥയിലാണ് ചീനവലക്കാർ. ഊന്നി വലകളിലാകട്ടെ പായലുകൾ കയറി നിറയുകയാണ്. വലകൾ കീറുന്നതിനും ഊന്നി കുറ്റികൾ ഒടിയുന്നതിനും പായൽക്കൂട്ടം ഇടയാക്കുന്നുണ്ട്.
വീശു വലക്കാർക്കും വലയെറിയുവാൻ കഴിയുന്നില്ല. ഇനി കൊച്ചു വള്ളങ്ങളിൽ മീൻ പിടിക്കുന്നവർക്കാകട്ടെ പായലുകൾ മൂലം വള്ളങ്ങൾ തുഴഞ്ഞ് നീങ്ങുവാൻ കഴിയുന്നില്ല. വള്ളങ്ങൾ തിങ്ങി കൂടിയ പായൽക്കൂട്ടത്തിൽ പലപ്പോഴും കുടുങ്ങി പോകുകയാണ്. നീട്ടു വലക്കാർ, കായലിൽ നിന്നും കക്ക വാരുന്ന തൊഴിലാളികൾ എന്നിവരടക്കം പ്രതിസന്ധിയിലാണ്.
കായലുകളിൽ മത്സ്യ ബന്ധനം തീർത്തും അസാധ്യമായിരിക്കയാണ്. മത്സ്യ ബന്ധനം ഉപജീവനമാക്കിയവരുടെ കുടുംബങ്ങൾ പട്ടിണിയിലേക്ക് നീങ്ങുന്ന അവസ്ഥയായിട്ടും അധികൃതർ അനങ്ങുന്നില്ല. കായലിൽ നിന്നും പായൽ നീക്കുവാൻ 2024ൽ കൊച്ചി നഗരസഭ വാങ്ങിയ വീഡ് ഹാർവെസ്റ്റർ എവിടെയുണ്ടെന്ന് പോലും നഗരസഭ അധികൃതർക്ക് അറിയില്ല.
കുട്ടനാടൻ പാടശേഖരങ്ങളിൽ നിന്നും തണ്ണീർമുക്കം ബണ്ടിലൂടെയാണ് ഈ പായലുകൾ കൊച്ചിയിലെ കായലുകളിൽ എത്തുന്നതെന്നാണ് പറയുന്നത്. കായലിൽ ഉപ്പുരസം വർധിച്ചാൽ മാത്രമേ പോളപായലുകൾ അഴുകി തുടങ്ങുകയുള്ളു. ഇതിന് ഡിസംമ്പർ വരെ കാത്തിരിക്കേണ്ടി വരും. പായൽക്കൂട്ടത്തിൽ നിന്നും പാമ്പുകൾ കരയിലേക്ക് കയറുന്നത് തീരവാസികൾക്കും ദുരിതം വിതക്കുന്നുണ്ട്.
പരമ്പരാഗത മത്സ്യ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം പായൽ കാലം വറുതിയുടെ കൂടെ കാലമായി തീർന്നിരിക്കയാണ്. ഓരോ വർഷവും പായൽ നിർമ്മാർജനത്തിനായി പദ്ധതികൾ പ്രഖ്യാപിക്കുന്നതല്ലാതെ കാര്യങ്ങൾ നടക്കാത്തതിൽ വലിയ പ്രതിഷേധമാണ് കായൽ തീരമേഖലയിൽ ഉടലെടുത്തിരിക്കുന്നത്.

