കളഞ്ഞുകിട്ടിയ സ്വർണം ഉടമക്ക് കൈമാറി ഓട്ടോ ഡ്രൈവർ
text_fieldsകളഞ്ഞുകിട്ടിയ സ്വർണം കുന്നത്തുനാട് പൊലീസ് സ്റ്റേഷനിൽവെച്ച് ഷമീർ ഉടമക്ക് കൈമാറുന്നു
പട്ടിമറ്റം: കളഞ്ഞുകിട്ടിയ രണ്ടു പവന്റെ മാല തിരികെ നൽകി പട്ടിമറ്റത്തെ ഓട്ടോ ഡ്രൈവറായ എൻ.എസ്. ഷമീർ. 18 വർഷമായി പട്ടിമറ്റം ടൗണിൽ ഓട്ടോ ഓടിക്കുന്ന ഷമീറിന് വ്യാഴാഴ്ച വണ്ടി ഓടിക്കുന്നതിനിടെ പട്ടിമറ്റം ടൗണിൽനിന്നാണ് രണ്ട് പവന്റെ മാല കിട്ടിയത്. ഉടൻ പട്ടിമറ്റത്തുള്ള സ്വർണ വ്യാപാരക്കടയിൽ കയറി പരിശോധിച്ച് സ്വർണമാണെന്ന് ഉറപ്പുവരുത്തിയശേഷം കുന്നത്തുനാട് സ്റ്റേഷനിൽ ഏൽപിച്ചു. തുടർന്ന് പത്രത്തിൽ അറിയിപ്പ് നൽകിയത് പ്രകാരം നോർത്ത് അല്ലപ്ര സ്വദേശി നാനെത്താൻ വീട്ടിൽ അജിൻസ വെള്ളിയാഴ്ച സ്റ്റേഷനിൽ എത്തി മാല തന്റേതാണെന്ന് ഉറപ്പിക്കുകയായിരുന്നു. ഇതോടെ പൊലീസ് ഉദ്യോഗസ്ഥർ ഷമീറിനെ വിളിച്ചുവരുത്തുകയും കുന്നത്തുനാട് സി.ഐ വി.പി. സുധീഷിന്റെ സാന്നിധ്യത്തിൽ ഉടമക്ക് കൈമാറുകയും ചെയ്തു.
കേരള സ്റ്റേറ്റ് ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂനിയൻ അംഗവും യൂത്ത് കോൺഗ്രസ് മുൻ ബൂത്ത് പ്രസിഡന്റുമാണ് ഷമീർ.

