Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ​റ​ന്ന്​ സ്വ​കാ​ര്യ ബ​സു​ക​ൾ; ക​ണ്ണ​ട​ച്ച്​ അ​ധി​കൃ​ത​ർ

text_fields
bookmark_border
അപകട മരണങ്ങൾ പതിവാകുന്നു
പ​റ​ന്ന്​ സ്വ​കാ​ര്യ ബ​സു​ക​ൾ; ക​ണ്ണ​ട​ച്ച്​ അ​ധി​കൃ​ത​ർ
cancel

മട്ടാഞ്ചേരി: സ്വകാര്യ ബസുകളുടെ അമിതവേഗവും മത്സരയോട്ടവും മൂലം കൊച്ചിയിൽ അപകടമരണങ്ങൾ തുടർക്കഥയാകുമ്പോഴും ശക്തമായ നടപടികള്‍ക്ക് മടിച്ച് അധികൃതർ. ഇതിൽ പ്രതിഷേധം ശക്തമാവുകയാണ്. ആറു മാസത്തിനിടെ പടിഞ്ഞാറൻ കൊച്ചി മേഖലയിൽ മാത്രം പൊലിഞ്ഞത് മൂന്ന് ജീവനുകളാണ്.

വെള്ളിയാഴ്ച പള്ളുരുത്തി മരുന്ന് കട ഭാഗത്ത് അമിത വേഗതയില്‍ വന്ന സ്വകാര്യ ബസ് മറ്റൊരു ബസിനെ മറികടക്കുന്നതിനിടയില്‍ എതിരെ വരുകയായിരുന്ന ബൈക്ക് യാത്രികൻ സജി ജോര്‍ജിന്റെ ജീവനെടുത്തതാണ് അവസാനത്തേത്. നിരത്തുകളെ കുരുതിക്കളങ്ങളാക്കി ബസുകൾ ചീറിപ്പായുമ്പോൾ അധികൃതർ വഴിപാട് പരിശോധന നടത്തി തങ്ങളുടെ കടമ തീർക്കുകയാണെന്നാണ് ആക്ഷേപം.

ഫെബ്രുവരിയിലാണ് ചെല്ലാനത്ത് അമിത വേഗതയില്‍ പാഞ്ഞ സ്വകാര്യ ബസിടിച്ച് എട്ട് വയസ്സുകാരന്‍ മരിച്ചത്. സംഭവത്തില്‍ ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തത് തന്നെ നാട്ടുകാരുടെ കടുത്ത പ്രതിഷേധത്തെ തുടർന്നാണ്. കഴിഞ്ഞ സെപ്റ്റംബറില്‍ തോപ്പുംപടി ബി.ഒ.ടി പാലത്തിന് മുകളില്‍ അമിത വേഗത്തില്‍ എത്തിയ സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടര്‍ യാത്രികന്‍ മരിച്ചിരുന്നു. മാസങ്ങള്‍ക്കു മുമ്പാണ് എറണാകുളം മേനകക്ക് സമീപം ബസുകളുടെ മത്സരയോട്ടത്തിൽ തോപ്പുംപടി മുണ്ടംവേലി സ്വദേശിനിയായ മേരി സനിതയെന്ന വീട്ടമ്മ മരിച്ചത്.

ഇടക്കൊച്ചി, പെരുമ്പടപ്പ്, കുമ്പളങ്ങി എന്നിവിടങ്ങളിലും സ്വകാര്യ ബസുകളുടെ അമിത വേഗവും അശ്രദ്ധയും നിരവധി അപകടങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. തോപ്പുംപടി ജിയോ മുതൽ പ്യാരി ജങ്ഷൻ വരെയുള്ള റോഡ് ഇടുങ്ങിയതാണെന്ന് ബസ് ഓടിക്കുന്നവർക്കറിയാമെങ്കിലും വേഗത കുറക്കാൻ ഇവർ തയാറാകാത്തതും അപകടത്തിന് കാരണമാകുന്നു.

വാഹനയാത്രക്ക് മാത്രമല്ല കാൽനട യാത്രക്കാരുടെയും ജീവന് ഭീഷണിയായാണ് കൊച്ചിയുടെ നിരത്തുകൾ മാറുന്നത്. ഇരുചക്ര വാഹന യാത്രികരും കാൽനടക്കാരുമാണ് അപകടത്തിൽപെടുന്നവരിൽ ഏറെയും എന്നത് ആശങ്ക കൂട്ടുകയാണ്. അപകടങ്ങൾ നടക്കുമ്പോൾ മാത്രമുള്ള അധികൃതരുടെ ഉണർവും നടപടികളും ജനരോഷത്തിനിടയാക്കുന്നുണ്ട്. നിരന്തര അപകടങ്ങൾ നടക്കുമ്പോഴും അവയെ ലഘൂകരിക്കുന്ന കാഴ്ചപ്പാടാണ് പൊലീസ്, മോട്ടോർ വെഹിക്കിൾ വിഭാഗം നടത്തുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

ഒന്നിൽ കൂടുതൽ ബസുകളുള്ളവരാണ് അമിത വേഗതയിലും മത്സരയോട്ടത്തിലും മുൻപന്തിയിൽ നിൽക്കുന്നതെന്നും പരാതിയുണ്ട്. ബസ് ജീവനക്കാരിൽ പലരും ലഹരി ഉപയോഗിക്കുന്നതായും ആക്ഷേപം ശക്തമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - authorities were silent on private bus rules violation
Next Story