ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; ആസ്ട്രേലിയൻ പൗരൻ പിടിയിൽ
text_fieldsസക്കിയുള്ള ഇസെഡ് പാർക്കർ
കിഴക്കമ്പലം: ആസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ ഓസ്ട്രേലിയൻ പൗരനായ സക്കിയുള്ള ഇസെഡ് പാർക്കറി(58)നെ തടിയിട്ടപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. യു.എ.ഇയിൽ ജോലി ചെയ്തിരുന്ന യുവതിക്കാണ് പണം നഷ്ടപ്പെട്ടത്. യുവതി പുക്കാട്ടുപടിയിൽ വാടകക്ക് താമസിച്ചിരുന്നു.
സോഷ്യൽ മീഡിയ വഴിയാണ് പരിചയപ്പെട്ടത്. ആസ്ട്രേലിയയിലെ പ്രശസ്ത കമ്പനിയിൽ സി.ഇ.ഒ ആണെന്നാണ് ഇയാൾ പറഞ്ഞിരുന്നത്. ഈ കമ്പനിയിൽ ജോലി നൽകാമെന്നായിരുന്നു വാഗ്ദാനം. ജോലിക്കു വേണ്ടി അഞ്ച് ലക്ഷത്തി എൺപതിനായിരം രൂപയാണ് ഇയാൾ വാങ്ങിയത്. ജോലി ലഭിക്കാതെ വന്നതിനെ തുടർന്ന് അന്വേഷിച്ചപ്പോൾ തട്ടിപ്പാണെന്ന് മനസിലായി. ഉടനെ പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ ഇയാൾ ഇന്ത്യയിലുണ്ടെന്ന് മനസ്സിലാക്കി.
പല ഇടങ്ങളിൽ മാറിമാറി താമസിക്കുകയായിരുന്നു. അന്വേഷണത്തിൽ ഇന്തോറിൽ ആഡംബര ഫ്ലാറ്റിൽ താമസിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞു. പുറത്തേക്ക് താഴിട്ട് പൂട്ടിയ രീതിയിലായിരുന്നു ഫ്ലാറ്റ്. പ്രത്യേക ഓപറേഷനിലൂടെ അകത്ത് പ്രവേശിച്ച് പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളിൽ നിന്ന് ലാപ്ടോപ്പും മൊബൈൽ ഫോണുകളും നിരവധി രേഖകളും കണ്ടെടുത്തു. ശുഭം ശർമ എന്ന പേരിൽ വ്യാജ ആധാർ കാർഡ് നിർമിച്ച് (പുതിയ തട്ടിപ്പിനൊരുങ്ങുമ്പോഴാണ് പിടിവീണത്. എ.എസ്.പി ഹാർദിക് മീണ, ഇൻസ്പെക്ടർ കെ.എൻ. മനോജ്, എസ്.ഐ എൻ.കെ. ജേക്കബ്, സീനിയർ സി.പി.ഒ കെ.കെ. ഷിബു, സി.പി.ഒ മിഥുൻ മോഹൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

