
വധശ്രമക്കേസ്: എസ്.എഫ്.ഐ ജില്ല പ്രസിഡന്റിന്റെ ജാമ്യം ഹൈകോടതി റദ്ദാക്കി
text_fieldsകൊച്ചി: വധശ്രമക്കേസിൽ ജാമ്യം ലഭിച്ച എസ്.എഫ്.ഐ എറണാകുളം ജില്ല പ്രസിഡന്റ് പി.എം. അർഷോയുടെ ജാമ്യം ഹൈകോടതി റദ്ദാക്കി. ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതായി വ്യക്തമായതിനെത്തുടർന്നാണ് ജസ്റ്റിസ് സുനിൽ തോമസിന്റെ ഉത്തരവ്.
അർഷോയെ അറസ്റ്റ് ചെയ്യാനും വിവരം കോടതിയിൽ റിപ്പോർട്ട് ചെയ്യാനും അന്വേഷണ ഉദ്യോഗസ്ഥന് കോടതി നിർദേശം നൽകി. രാഷ്ട്രീയ പ്രവർത്തനമെന്നത് കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നതാണെന്ന തെറ്റായ ധാരണയാണ് പ്രതിക്കുള്ളതെന്ന് തോന്നുന്നതായി കോടതി പറഞ്ഞു. ജാമ്യ ബോണ്ട് റദ്ദാക്കിയ കോടതി, അറസ്റ്റ് വാറന്‍റ് നിലനിൽക്കുന്ന എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും അറസ്റ്റ് ചെയ്തശേഷം വിവരം കൈമാറാനും നിർദേശിച്ചു.
2018 നവംബർ എട്ടിന് ഈരാറ്റുപേട്ട സ്വദേശി നിസാം നാസറിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് എറണാകുളം ടൗൺ നോർത്ത് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം റദ്ദാക്കിയത്. നിസാം നൽകിയ ഹരജിയിലാണ് ഉത്തരവ്.
കേസിൽ 2019 ജനുവരി 22നാണ് അർഷോയെ അറസ്റ്റ് ചെയ്തത്. ആദ്യം ജാമ്യം നിഷേധിച്ചെങ്കിലും കർശന വ്യവസ്ഥകളോടെ പിന്നീട് ഹൈകോടതി അനുവദിച്ചു. കുറ്റകൃത്യത്തിൽ ഏർപ്പെടരുതെന്നത് ജാമ്യവ്യവസ്ഥകളിൽ ഒന്നായിരുന്നു. എന്നാൽ, ജാമ്യം ലഭിച്ചശേഷം ഒട്ടേറെ കേസുകളിൽ ഉൾപ്പെട്ടെന്നും ജാമ്യവ്യവസ്ഥ ലംഘിച്ചെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
