മമ്മൂട്ടി തട്ടിക്കൊടുത്ത പന്തിൽ ‘ആട്ടക്കള’ക്ക് തുടക്കം
text_fieldsഗോത്രവർഗ കുട്ടികളുടെ ഫുട്ബാൾ പരിശീലനം മമ്മൂട്ടി
ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി: പ്രിയതാരത്തെ കാണാനും അൽപസമയം അടുത്ത് ഇടപെഴകാനുമുള്ള വയനാട്ടിലെ ഗോത്രവിഭാഗത്തിലെ 60 കുട്ടികളുടെ ആഗ്രഹമാണ് ഒറ്റയടിക്ക് മമ്മൂട്ടി സഫലമാക്കിയത്. ഗോത്രവർഗ സമൂഹത്തിൽനിന്ന് കൂടുതൽ ഫുട്ബാൾ താരങ്ങളെ വാർത്തെടുക്കാനും അതുവഴി കുട്ടികൾ ലഹരി ഉപയോഗത്തിലേക്ക് തിരിയുന്നത് തടയാനും ലക്ഷ്യമിട്ട് കായികരംഗത്തെ പ്രമുഖ മലയാളി യുവതാരങ്ങൾ ചേർന്ന് ആരംഭിച്ച തേർട്ടീൻത് ഫൗണ്ടേഷനും മമ്മൂട്ടിയുടെ കെയർ ആന്റ് ഷെയർ ഇന്റർനാഷനൽ ഫൌണ്ടേഷനും ചേർന്ന് എഫ് 13 അക്കാദമിയുടെ സഹായത്താൽ ആവിഷ്കരിച്ച ‘ആട്ടക്കള’ പരിപാടിക്ക് ചൊവ്വാഴ്ച ഏലൂർ ഗ്രൗണ്ടിൽ തുടക്കമായി. ഫുട്ബാൾ താരങ്ങളായ സി.കെ. വിനീത്, റിനോ ആന്റോ, മുഹമ്മദ് റാഫി, അനസ് എടത്തോടിക്ക തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിക്കുന്ന തേർട്ടീൻത് ഫൗണ്ടേഷനിലൂടെയാണ് ആദിവാസി കുട്ടികളുടെ ഫുട്ബാൾ പരിശീലനം സാധ്യമാക്കുന്നത്.
ഫൗണ്ടേഷന്റെ ഉദ്ഘാടനവും പരിശീലനത്തിന്റെ ഔദ്യോഗിക തുടക്കവും മമ്മൂട്ടി നിർവഹിച്ചു. വിനീഷ്, സതീഷ്, ചിഞ്ജിത് എന്നിവർ അദ്ദേഹത്തിൽനിന്ന് ഫുട്ബാൾ ഏറ്റുവാങ്ങി. കൊച്ചി സിറ്റി അസി. പൊലീസ് കമീഷണർ പി. രാജ്കുമാറും സംബന്ധിച്ചു. തേർട്ടീന്ത് ഫൗണ്ടേഷൻ ഡയറക്ടർ സി.കെ വിനീത്, എഫ്13 അക്കാദമി ഡയറക്ടർമാരായ റിനോ ആന്റോ, അനസ് എടത്തോടിക്ക, മുഹമ്മദ് റാഫി, എൻ. പി പ്രദീപ്, അരുൺ അരവിന്ദാക്ഷൻ എന്നിവരും കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ, ഡയറക്ടർമാരായ ജോർജ് സെബാസ്റ്റ്യൻ, റോബർട്ട് കുര്യാക്കോസ്, രാജഗിരി ആശുപത്രി റിലേഷൻ ജനറൽ മാനേജർ ജോസ് പോൾ, ബാബു തൊട്ടുങ്ങൽ, മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷൻ സംസ്ഥാന രക്ഷാധികാരി ഭാസ്കർ എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

