ഏഷ്യയിലെ ഏറ്റവും വലിയ നാചുറൽ ക്രിസ്മസ് ട്രീ മിഴിതുറന്നു
text_fieldsഫോർട്ട്കൊച്ചി വെളി മൈതാനത്തെ കൂറ്റൻ മഴമരം അലങ്കാര ദീപശോഭയിൽ. ഒന്നര ലക്ഷത്തോളം സീരിയൽ ലൈറ്റുകളാണ് ഉപയോഗിച്ചിരിക്കുന്നത്. കളിമണ്ണിൽ നിർമിച്ച മണികളും ബാളുകളും നക്ഷത്രങ്ങളും ഡ്യൂമുകളും മരത്തിന് മിഴിവേകുന്നു. ഇവിടേക്ക് സഞ്ചാരികളുടെ തിരക്കാണ്.
ഫോർട്ട് കൊച്ചി: നയന മനോഹര കാഴ്ചയൊരുക്കി ഇക്കുറിയും ഏഷ്യയിലെതന്നെ ഏറ്റവും വലിയ നാച്ചുറൽ ക്രിസ്മസ് ട്രീ ഫോർട്ടുകൊച്ചി വെളി മൈതാനത്ത് മിഴി തുറന്നു. കൊച്ചിയിലെ പുതുവത്സരാഘോഷങ്ങളിൽ ഏറെ ശ്രദ്ധേയമായ ഒന്നാണ് ഈ കൂറ്റൻ ക്രിസ്മസ് ട്രീ. നൈറ്റ്സ് യുണൈറ്റഡ് ഫോർട്ട്കൊച്ചി എന്ന സംഘടനയുടെ നേതൃത്വത്തിലാണ് വെളി മൈതാനത്ത് ഈ മഴമരം അണിയിച്ചൊരുക്കിയത്.
26 വര്‍ഷമായി ഇവിടെ നാച്ചുറൽ ക്രിസ്തുമസ് ട്രീ ഇവർ ഒരുക്കി വരുന്നു. ഏകദേശം 30 മീറ്റർ ഉയരവും, 50 മീറ്റർ വീതിയിമുള്ള കൂറ്റൻ മഴമരം മനോഹരമായി അലങ്കരിച്ച് ദീപ പ്രഭ ചൊരിഞ്ഞതോടെ കാണാനെത്തിയ പതിനായിരങ്ങൾ ഹർഷാരവം മുഴക്കി. ഏകദേശം എട്ട് ലക്ഷം രൂപ ചെലവഴിച്ചാണ് ക്രിസ്തുമസ് ട്രീ ഒരുക്കിയത്.
കളിമണ്ണ് കൊണ്ട് നിർമിച്ച 150 ബെല്ലുകൾ, 200 ഓളം ബൾബുകൾ, 1400 നക്ഷത്രങ്ങൾ, അമ്പതിനായിരം സീരീസ് ബൾബുകൾ എന്നിവ കൊണ്ടാണ് ഈ മഴ മരം അലങ്കരിച്ചിരിക്കുന്നത്. രണ്ട് ഭീമൻ ജനറേറ്ററുകളുടെ സഹായത്തോടെയാണ് പ്രകാശപൂരിതമാക്കുന്നത്. സ്വിച്ച് ഓൺ കർമ്മം കാണാൻ പതിനായിരങ്ങൾ ഒഴുകിയെത്തി. ബിഷപ്പ് ആന്റണി കാട്ടിപ്പറമ്പില്‍ സ്വിച്ച് ഓൺ കർമ്മം നിര്‍വഹിച്ചു. കെ.ജെ. മാക്സി എം.എൽ.എ മുഖ്യാഥിതിയായിരുന്നു.
പി.എസ്. സനോജ് അധ്യക്ഷത വഹിച്ചു. സിനിമാ താരം സൗബിന് സാഹിര്‍, കൗണ്‍സിലര്‍മാരായ പി.ജെ. ദാസന്, മഞ്ജുള അനില്‍കുമാര്‍, ഷൈനി മാത്യൂ, മുന്‍ കൗണ്‍സിലര്‍ ബെന്നി ഫെര്‍ണാണ്ടസ്, ഫോര്‍ട്ട്കൊച്ചി പൊലീസ് ഇന്‍സ്പെക്ടര്‍ എം.എസ്. ഫൈസല്‍, ടി.ആർ. സ്വരാജ്, എം.ഇ. ഗ്ലിന്റൻ എന്നിവർ സംസാരിച്ചു. ജനുവരി രണ്ടിന് പുലർച്ചെ വരെ ക്രിസ്മസ് ട്രീ പ്രവർത്തിക്കും. ഇത്തവണ മഞ്ഞ നിറത്തിലാണ് ക്രിസ്മസ് ട്രീ ഒരുക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

